അബ്ഹ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്

ജിദ്ദ: അബ്ഹ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരനുള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.35നുണ്ടായ ആക്രമണം വിമാനത്താവളത്തിെന്റ എന്ട്രന്‍സ് പരിസരത്തായിരുന്നു നടന്ന്ത. രാജസ്ഥാന്‍ സ്വദേശിയായ ഹൗസ് ഡ്രൈവര്‍ക്കാണ് അതിഗുരുതരപരിക്കേറ്റിരിക്കുന്നത്.

ഇയാളെ അസീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വിമാനത്തില്‍ വരുന്ന വീട്ടുടമയെ വിളിക്കാന്‍ വന്നതായിരുന്നു രാജസ്ഥാന്‍ സ്വദേശി. വാഹനത്തിനകത്ത് ഇരിക്കുന്നതിനിടെ ഡ്രോണിെന്റ അവശിഷ്ടം തെറിച്ച് കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയാണുണ്ടായത്. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 12നും 23നും അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 23 ന്റെ ആക്രമണത്തില്‍ മലപ്പുറം സ്വദേശികളായ കുടുംബത്തിനും പരിക്കേറ്റിരുന്നു. ഹൂതികള്‍ക്കെതിരായ നടപടി ശക്തമായി തുടരുകയാണെന്ന് അറബ് സഖ്യസേന മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കുന്ന ഹൂതികളുടെ നടപടി തുടരുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 56 പേര്‍ക്കാണ് കഴിഞ്ഞ മൂന്ന് ആക്രമണങ്ങളില്‍ പരിക്കേറ്റത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്.

Top