മത്സരത്തില്‍ ഇന്ത്യയെ തോല്‍പിക്കാനാകുമെന്ന് തോന്നുന്നില്ലെന്ന് പാക്ക് താരത്തിന്റെ വെളിപ്പെടുത്തല്‍

ഇസ്‌ലാമാബാദ്: ലോകകപ്പ് വേദികളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന കുറവ് പാക്കിസ്ഥാന്‍ ടീമിന് ഉടനെയൊന്നും പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ലെന്ന് പാക്കിസ്ഥാന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. ലാകകപ്പില്‍ ഇന്ത്യയോടു തോറ്റ മൂന്നു ടീമുകളില്‍ അംഗമായിരുന്ന അബ്ദുല്‍ റസാഖ് തന്നെ. ലോകകപ്പ് വേദികളില്‍ ഇന്ത്യയും പാക്കിസ്ഥാനും മുഖമുഖമെത്തുമ്പോള്‍ ഉടലെടുക്കുന്ന സമ്മര്‍ദ്ദം താങ്ങാന്‍ പാക്ക് താരങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് അബ്ദുല്‍ റസാഖ് ചൂണ്ടികാട്ടുന്നത്.

ലോകകപ്പ് വേദികളില്‍ ഏഴു തവണ മുഖാമുഖമെത്തിയപ്പോഴും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. 2019 ലോകകപ്പിലും ഫലം വ്യത്യസ്തമായില്ല. രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ചുറിയുമായി മിന്നിത്തിളങ്ങി മത്സരത്തില്‍ മഴനിയമപ്രകാരം 89 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. വിരാട് കോലി, കെ.എല്‍. രാഹുല്‍ എന്നിവര്‍ അര്‍ധസെഞ്ചുറിയും നേടി. ലോകകപ്പ് വേദികളില്‍ പാക്കിസ്ഥാനുമേല്‍ ഇന്ത്യയ്ക്കുള്ള അജയ്യമായ റെക്കോര്‍ഡ് തുടരാനാണ് സാധ്യത.

ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് വേദികളില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത് അപൂര്‍വമാണ്. മിക്കവാറും ലീഗ് ഘട്ടത്തിലാണ് ഇരു ടീമുകളും കണ്ടുമുട്ടാറുള്ളത്. അതില്‍ത്തന്നെ എക്കാലവും ഇന്ത്യ തന്നെയാകും ഫേവറിറ്റുകള്‍. ഇത്തരം മത്സരങ്ങള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം നേരിടാന്‍ ഞങ്ങളുടെ താരങ്ങള്‍ക്ക് (പാക്കിസ്ഥാന്‍) കഴിയില്ല’ അബ്ദുല്‍ റസാഖ് അഭിപ്രായപ്പെട്ടു. 1999, 2003, 2011 ലോകകപ്പുകളില്‍ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാന്‍ ടീമില്‍ അംഗമായിരുന്നു റസാഖ്. ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ ഞങ്ങള്‍ ഒട്ടേറെത്തവണ ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. കാനഡയിലും രണ്ടു തവണ ഇന്ത്യയെ തോല്‍പ്പിച്ചു.

ലോകകപ്പ് മത്സരങ്ങളും മറ്റു മത്സരങ്ങള്‍ പോലെയാണെങ്കിലും അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുകയാണ്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസം കളിക്കാര്‍ക്കുമില്ല. ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു ലഭിച്ച ഏറ്റവും മികച്ച അവസരം 2011ലായിരുന്നു. അന്ന് അത് സാധിച്ചുമില്ലെന്ന് റസാഖ് ചൂണ്ടിക്കാട്ടി.

Top