മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും

madani

ബംഗളൂരു: കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.

മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാനുമായി ഓഗസ്റ്റ് ആറു മുതല്‍ 19 വരെയാണ് നാട്ടില്‍ തങ്ങാന്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

മഅദനിയുടെ കേരളയാത്ര തടയാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമങ്ങളെ സുപ്രീംകോടതിയുടെ ഉത്തരവിലൂടെ മറികടന്നാണ് മഅദനി മൈനാഗപ്പള്ളിലെത്തുന്നത്.

ബംഗളൂരു ബെന്‍സണ്‍ ടൗണിലെ താമസസ്ഥലത്തുനിന്ന് ഞായറാഴ്ച രാവിലെ സഹായികള്‍ക്കും സുരക്ഷ ജീവനക്കാര്‍ക്കുമൊപ്പം യാത്ര പുറപ്പെടുന്ന മഅദനി, ഉച്ചക്ക് 2.20ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിക്കും. വൈകീട്ട് 3.30ന് നെടുമ്പാശ്ശേരിയിലെത്തിയശേഷം വാഹനമാര്‍ഗം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലെ വീട്ടിലേക്ക് പോകും.

ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, ബന്ധുവും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രമേശ്, ഉമശങ്കര്‍ എന്നിവരാണ് വിമാനയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുക. ബാക്കി 17 സുരക്ഷ ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കൊച്ചിയിലെത്തും.

ബുധനാഴ്ച രാവിലെ 11.30ന് തലശ്ശേരി നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന വിവാഹച്ചടങ്ങിനായി മഅദനി ചൊവ്വാഴ്ച അന്‍വാര്‍ശ്ശേരിയില്‍ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ഒമ്പതുവരെ കൊല്ലം ടൗണ്‍ഹാളില്‍ നടക്കുന്ന വിവാഹവിരുന്നിലും മഅദനി പങ്കെടുക്കും.

Top