Abdul Basit Pakistan high commissioner

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ യാതൊരു അര്‍ഥവുമില്ലാത്ത ചര്‍ച്ചകളില്‍ പാകിസ്താന് താല്‍പര്യമില്ലെന്നും കൃത്യമായ ഫലം ലഭിക്കുന്ന ചര്‍ച്ച വേണമെന്നും ഇന്ത്യയിലെ പാക്ക് സ്ഥാനപതി അബ്ദുല്‍ ബാസിത്.

നിയന്ത്രണ രേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം തെറ്റാണെന്നും ബാസിത് പറഞ്ഞു. അത്തരമൊരു ആക്രമണം നടന്നിരുന്നെങ്കില്‍ എത്രയും വേഗം അതേ നാണയത്തില്‍ തന്നെ പാകിസ്താന്‍ തിരിച്ചടിച്ചേനെയെന്നും ബാസിത് വ്യക്തമാക്കി.

രണ്ട് പാക്ക് സൈനികരുടെ മരണത്തിനിടയാക്കി അതിര്‍ത്തിയില്‍ നടന്ന ഒരു സാധാരണ വെടിവയ്പ് എന്നതിനപ്പുറം സെപ്റ്റംബര്‍ 29ന് നടന്ന ആക്രമണത്തിന് പാകിസ്താന്‍ അധികം പ്രാധാന്യമൊന്നും നല്‍കുന്നില്ലെന്നും ബാസിത് പറഞ്ഞു.

പാകിസ്താനില്‍ ഭരണം നടത്തുന്നത് നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെങ്കിലും പാകിസ്താന്റെ ഇന്ത്യയോയുള്ള നയം രൂപപ്പെടുത്തുന്നതില്‍ പാക്ക് സൈന്യത്തിനും വ്യക്തമായ പങ്കുണ്ടെന്ന് ബാസിത് അഭിപ്രായപ്പെട്ടു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാമെടുക്കുമ്പോള്‍ സൈന്യത്തിന് വ്യക്തമായ പങ്കു വഹിക്കാനുണ്ട്.

ഇത് പാക്കിസ്ഥാന്റെ മാത്രം സവിശേഷതയല്ലെന്നും ഇന്ത്യയുടെ പാക്ക് നയം രൂപപ്പെടുത്തുമ്പോഴും ഇവിടുത്തെ സൈന്യത്തിന്റെ അഭിപ്രായം തേടുന്നത് സ്വാഭാവികം മാത്രമാണെന്നും ബാസിത് ചൂണ്ടിക്കാട്ടി.

സൈന്യത്തോട് അഭിപ്രായം ആരായാതെ ഇന്ത്യന്‍ സര്‍ക്കാരിന് അവരുടെ പാക്ക് നയം രൂപപ്പെടുത്താനാകുമോ? പെന്റഗണിനോട് ചോദിക്കാതെ യുഎസിന് അവരുടെ പാക്ക്, അഫ്ഗാന്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബാസിത് ചോദിച്ചു

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാസിത് ഇക്കാര്യം വ്യക്തമാക്കിയത്.

Top