അബ്ബാസ് സിദ്ദിഖിയുടെ പുതിയ പാര്‍ട്ടി; പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബി.ജെ.പിയെ സഹായിക്കാന്‍ ബംഗാളിലേക്ക് പലരും വരും പക്ഷേ അതുകൊണ്ടൊന്നും ബംഗാളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് തൃണമൂല്‍ എം.പി ഫിര്‍ഹാദ് ഹക്കിം. ബംഗാളില്‍ അബ്ബാസ് സിദ്ദിഖി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചതിന് പിന്നാലെയാണ് പ്രതികരണം.

അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം വന്നാലോ മറ്റേതെങ്കിലും പാര്‍ട്ടി വന്നാലോ തൃണമൂല്‍ കോണ്‍ഗ്രസിനെ അത് ബാധിക്കില്ലെന്നും അതൊക്കെ കൈകാര്യം ചെയ്യാന്‍ നിസാരമായി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, എ.ഐ.എം.ഐ.എം ബംഗാളില്‍ മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചപ്പോഴും വിമശനവുമായി മമത ബാനര്‍ജി എത്തിയിരുന്നു. ബി.ജെ.പി കോടികള്‍ ഇറക്കിയാണ് എ.ഐ.എം.ഐ.എമ്മിനെ കൊണ്ടുവരുന്നതെന്നായിരുന്നു ആരോപണം ഉന്നയിച്ചത്.

അതേസമയം, മുസ്ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് മമതാ ബാനര്‍ജിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മമതാ ബാനര്‍ജിയോടുള്ള അതൃപ്തിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കാരണമായതെന്ന് സിദ്ദിഖി തന്നെ പറഞ്ഞിട്ടുണ്ട്. മമത നല്‍കിയ വാക്കുകള്‍ വിശ്വസിച്ചാണ് തന്നെ പിന്തുണയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വോട്ട് നല്‍കിയതെന്നും എന്നാല്‍ മമത വാക്ക് പാലിച്ചില്ലെന്നും സിദ്ദിഖി ആരോപിച്ചു.

മമത അധികാരത്തില്‍ വന്നപ്പോള്‍, അവര്‍ ജോലിയും വിദ്യാഭ്യാസവും 15 ശതമാനം സംവരണവും നല്‍കുമെന്ന് പറഞ്ഞു. ഞങ്ങള്‍ അവരെ വിശ്വസിച്ചു, എന്നെ പിന്തുണയ്ക്കുന്നവരും അനുയായികളും മമതയ്ക്ക് വോട്ട് ചെയ്തു. എന്നാല്‍ ഇപ്പോള്‍ മമത പറഞ്ഞതൊന്നും ചെയ്തില്ല. പകരം, അവര്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലെന്ന് ഞാന്‍ കരുതി. അതിന് വേണ്ടി സ്വന്തം പാര്‍ട്ടി രൂപീകരിക്കാമെന്ന് വെച്ചു സിദ്ദിഖി പ്രതികരിച്ചു.

Top