‘വാരിയൻ കുന്നൻ’ തിരക്കഥാകൃത്ത് തെറിച്ചു, സിനിമ മുന്നോട്ടെന്ന് ആഷിഖ്

വിവാദപരമായ പൃഥ്വിരാജ്-ആഷിഖ് ആബു ചിത്രമായ വാരിയംകുന്നന്റെ തിരക്കഥാകൃത്ത് തെറിച്ചു. ചിത്രത്തിനെതിരെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ കലാപക്കൊടി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സിനിമയുടെ തിരക്കഥാകൃത്തിനെ മാറ്റിയിരിക്കുന്നത്. ഈ വിവരം വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്’-ആഷിഖ് കുറിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

ആഷിഖ് അബു

Top