ഐസിസി ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം വിരമിക്കണമെന്ന് ആരോണ്‍ ഫിഞ്ച്

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ഓസ്ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. 2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം വിരമിക്കാനാണ് ആഗ്രഹമെന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു. ലോകകപ്പിന്റെ ഫൈനല്‍ ആയിരിക്കണം കരിയറിലെ അവസാന മത്സരമെന്ന് സ്വപ്നം കാണുന്നതായി ഫിഞ്ച് പറയുന്നു.

‘വളരെ മുമ്പ് തന്നെ മനസ്സില്‍ കുറിച്ചിച്ചിട്ടിരിക്കുന്ന ഒരു ലക്ഷ്യമാണിത്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നു സ്ഥിരീക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. 2023ലെ ലോകകപ്പ് ആവുമ്പേഴേക്കും തനിക്കു 36 വയസ്സാവും. ഫോം, ഫിറ്റ്നസ് എന്നിവ കൂടി അനുവദിച്ചാല്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഫിഞ്ച് പറഞ്ഞു.’

കൊവിഡ് മഹാമാരിയെ തുടര്‍ന്നു ലഭിച്ച അഞ്ചു മാസത്തോളം ലഭിച്ച ബ്രേക്ക് തന്നെ കൂടുതല്‍ ഉന്‍മേഷവാനാക്കിയിട്ടുണ്ടെന്നും അടുത്ത മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലും ഓസീസിനെ നയിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ആറു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയ ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത മാസം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഫിഞ്ചും സംഘവും മൂന്നു വീതം ടി20, ഏകദിനം എന്നിവയില്‍ കളിക്കും. സെപ്തംബര്‍ നാലിനാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്.

Top