ആരോഗ്യസേതു; ഫീച്ചര്‍ ഫോണ്‍, ലാന്റ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐവിആര്‍എസ് ആരംഭിച്ചു

കോവിഡ് ട്രാക്കറായ ആരോഗ്യ സേതു സേവനത്തിന് കീഴില്‍ ഫീച്ചര്‍ ഫോണ്‍, ലാന്റ് ഫോണ്‍ ഉപയോക്താക്കളേയും കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ‘ആരോഗ്യ സേതു ഇന്ററാക്റ്റീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം’ ആരംഭിച്ചു. ഫീച്ചര്‍ ഫോണ്‍, ലാന്റ് ഫോണ്‍ ഉടമകള്‍ക്ക് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാനാവില്ല എന്നത് കൊണ്ടാണ് ഐവിആര്‍എസ് വഴി വിവര ശേഖരണം നടത്താന്‍ കേന്ദ്രം നീക്കം നടത്തിയത്.

ആരോഗ്യ സേതു ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐവിആര്‍എസ്), ടോള്‍ ഫ്രീ സേവനമാണ്. രാജ്യ വ്യാപകമായി ഇത് ലഭ്യമാവും.പൗരന്മാര്‍ ടോള്‍ ഫ്രീ നമ്പറായ ‘1921’ ലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ ആരോഗ്യ സ്ഥിതി വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫോണ്‍കോള്‍ വരുന്നതാണ്.

ആരോഗ്യ സേതു ആപ്പില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ തന്നെ ആയിരിക്കും ഇതിലും ചോദിക്കുക അതിന് മറുപടി നല്‍കി കഴിഞ്ഞാല്‍ ഉപയോക്താക്കളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച എസ്എംഎസ് സന്ദേശവും തുടര്‍ന്ന് ആരോഗ്യ സേതു സേവനത്തില്‍ നിന്നുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഐവിആര്‍എസ് വഴി ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ആരോഗ്യസേതു ഡാറ്റാബേസില്‍ തന്നെയാണ് ശേഖരിക്കുക.

അതേസമയം ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ജനങ്ങളെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ 9 കോടി ഉപയോക്താക്കള്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.

Top