13 ദിവസത്തിനുള്ളില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 5കോടിയിലധികം പേര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും മറ്റ് വിവരക്കൈമാറ്റങ്ങള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നു.

13 ദിവസത്തിനുള്ളില്‍ അഞ്ച് കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതോടെ, ഏറ്റവും വേഗത്തില്‍ ഏറ്റവുമധികം പേരിലേക്കെത്തുന്ന ആപ്പായി ആരോഗ്യസേതു ആപ്പ് മാറിയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

അഞ്ച് കോടി ജനങ്ങളിലേക്ക് ടെലിഫോണ്‍ എത്തിച്ചേരാന്‍ 75 കൊല്ലവും റേഡിയോ എത്താന്‍ 38 കൊല്ലവും ടെലിവിഷന്‍ എത്താന്‍ 13 കൊല്ലവും ഇന്റര്‍നെറ്റ് 4 കൊല്ലവും ഫെയ്സ് ബുക്ക് 19 മാസവും പോക്കെമോന്‍ ഗോ എത്തിയത് 19 ദിവസവുമാണെടുത്തത്. കോവിഡ്-19 നെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പ് കേവലം 13 ദിവസം കൊണ്ട് 5 കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ലോകത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം പേരിലെത്തുന്ന ആപ്പായി മാറി’. അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു.

ഏപ്രില്‍ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.

ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ രോഗവ്യാപനം സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് നല്‍കുന്നത്.

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.അവര്‍ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാവും. ആരോഗ്യ സേതു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശമുള്ള രോഗബാധിതരുടെ ഡേറ്റാബേസും ഉപയോഗിക്കുന്നുണ്ട്.

കോവിഡ്-19 ട്രാക്കര്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഹിന്ദി, ഇംഗ്ലിഷ് ഉള്‍പ്പെടെ 11 ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ആപ്പ് ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ആവശ്യമാണ്.മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാന്‍ കഴിയും. കോവിന്‍ -20 ന്റെ അവസാന പതിപ്പാണ് ആരോഗ്യ സേതു.

Top