സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍ക്കറിയാം’; ടീസർ പുറത്ത്

കൊവിഡ് കാലം പശ്ചാത്തലമാക്കി ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ക്കറിയാം’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. പാര്‍വ്വതി തിരുവോത്തും ബിജു മേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്ര അവതരിപ്പിക്കുന്നത്. പ്രായമായ വേഷത്തിലാണ് ബിജു മേനോന്‍ ചിത്രത്തിൽ. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്.

ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരും യെക്‌സാൻ ഗാരി പെരേരയുമാണ് ഗാനങ്ങൾ നിർവഹിച്ചിരിക്കുന്നത്. ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ സംവിധായകന്‍ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് പ്രൊഡക്ഷൻ ഡിസൈനർ. ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്‍റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മങ്ക്സ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യും.

Top