ബിജു മേനോന്‍ ചിത്രം ‘ആര്‍ക്കറിയാം’ ഒടിടി റിലീസിന് ഒരുങ്ങുന്നു

കൊവിഡ് പ്രതിസന്ധിയില്‍ നീങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ആര്‍ക്കറിയാം പറയുന്നത്. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത മലയാള ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍, ബിജു മേനോന്‍ എന്നിവരായിരുന്നു മുഖ്യതാരങ്ങള്‍.

കഴിഞ്ഞ മാസം തിയറ്ററുകളില്‍ റിലീസ് ചെയ്ത ആര്‍ക്കറിയാം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. നീ സ്ട്രീമിലൂടെയും റൂട്ട്‌സ് എന്റര്‍ടെയ്ന്‍മെന്റിലൂടെയുമാണ് ആര്‍ക്കറിയാം ഒടിടി റിലീസിന് ഒരുങ്ങുന്നത്. നാളെ ചിത്രം നീ സ്ട്രീമില്‍ പ്രദര്‍ശനം തുടങ്ങും.

മറ്റൊരു ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്‌സ് എന്റര്‍ടെയ്ന്‍മെന്റില്‍ സിനിമ ഉടന്‍ സംപ്രേഷണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു പ്രദര്‍ശനം എന്നതിനാല്‍ സിനിമയ്ക്ക് തിയറ്ററുകളില്‍ വലിയ കളക്ഷന്‍ നേടാനായില്ല. എന്നാല്‍, ചിത്രം കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് പങ്കുവച്ചത്.

മഹേഷ് നാരായണന്‍ എഡിറ്റിങും ജി ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്ത് സംവിധായകന്‍ സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവരും ചേര്‍ന്നാണ്.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

 

Top