ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്

ന്യൂഡല്‍ഹി: മുംബൈ നഗരത്തിലെ ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചത്. മരംമുറിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥി റിഷവ് രഞ്ജന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിസ്ഥിതി ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ടു. ഒക്ടോബര്‍ 21ന് ഹര്‍ജി പരിസ്ഥിതി ബെഞ്ച് പരിഗണിക്കും.

മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയിലെ മരം മുറിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് അധികൃതര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. മരങ്ങള്‍ വെട്ടി മാറ്റുന്നതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top