ആറാട്ടിലൂടെ എ.ആര്‍.റഹ്മാനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനരംഗത്തില്‍ എ.ആര്‍.റഹ്മാനും. ചെന്നൈയില്‍ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്. യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം റഹ്മാന്റെ ഈണത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗവുമായിരിക്കും ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. നേരത്തെ വിജയ് ചിത്രം ബിഗില്‍ ഗാനരംഗത്തിലും ഏ ആര്‍ റഹ്മാന്‍ അഭിനയിച്ചിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്. ഓണം റിലീസാണ് ചിത്രം.

മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

ഒരു ഗാനരംഗത്തിന് വേണ്ടിയാണ് മീശ പിരിക്കുന്നത്. ആദ്യമായിട്ടാണ് മ്യൂസിക് വച്ച് മീശ പിരിക്കുന്നതെന്ന മോഹന്‍ലാലിന്റെ വോയ്സ് റെക്കോര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പാലക്കാട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ആറാട്ട് ഊട്ടിയിലാണ് രണ്ടാം ഘട്ടം ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ആറാട്ടെന്ന് ബി.ഉണ്ണികൃഷ്ണന്‍ ദ ക്യു’വിനോട് പറഞ്ഞിരുന്നു.

ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ടറുമാണ്. മോഹന്‍ലാലിനെ നായകനാക്കി ഡിസംബറില്‍ പ്ലാന്‍ ചെയ്തിരുന്ന വലിയൊരു പ്രൊജക്ട് മാറ്റിവച്ചതിനെ തുടര്‍ന്നാണ് ബി ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും ആറാട്ടിലേക്ക് കടന്നത്. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമ കൂടിയാണ് ആറാട്ട്.

 

Top