അട്ടിമറി ഭയന്ന് പ്രതിപക്ഷ മുൻകരുതൽ, വോട്ടിങ് യന്ത്രങ്ങൾക്ക് സമാന്തര കാവൽ

വോട്ടിങ് യന്ത്രത്തിന് പോലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കാവലിനു പുറമെ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക കാവലേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി- എസ്.പി സഖ്യവും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് സ്വന്തം നിലക്ക് വോട്ടിങ് യന്ത്രത്തിന് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ചതെന്ന ആരോപണം ബി.എസ്.പി നേതാവ് മായാവതി നേരത്തെ ഉയര്‍ത്തിയിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നതായുള്ള പരാതി ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പോലും വോട്ടിങ് യന്ത്രത്തിന് കോണ്‍ഗ്രസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഈ കാവലും ജാഗ്രതയും മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി അവര്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിന് പാര്‍ട്ടികേഡര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. യു.പിയിലെ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ കടത്തികൊണ്ടുപോയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കാവല്‍ ശക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി 20 അംഗ പ്രവര്‍ത്തക സംഘത്തെയാണ് കാവലിന് നിയോഗിച്ചിട്ടുള്ളത്. രാവും പകലും ഇവര്‍ മാറിമാറി കാവല്‍ നില്‍ക്കും. ആപ് നേതാവും സൗത്ത് ഡല്‍ഹി സ്ഥാനാര്‍ത്ഥിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലാണ് കാവല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ പോലീസ് കാവലും സി.സി ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതികളില്‍ ഒന്നില്‍പോലും നടപടിയെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സമീപനമാണ് കമ്മീഷന്‍ സ്വീകരിച്ചിരുന്നത്. ഇത് മറ്റ് ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാമെന്ന് ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച ഹാക്കത്തോണില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സയിദ് ഷൂജ എന്ന ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. 2014ല്‍ ബി.ജെ.പി ഭരണം പിടിച്ചത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കാണിച്ചിട്ടാണെന്നായിരുന്നു ഷൂജയുടെ വെളിപ്പെടുത്തല്‍. 2004ലാണ് ഇന്ത്യ, ബാലറ്റ് പേപ്പറില്‍ നിന്നും വോട്ടിങ് യന്ത്രത്തിലേക്കു മാറിയിരുന്നത്.

ജീവന് ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന സയീദ് ഷൂജ, താന്‍ 2009-2014 കാലഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നത് ഹൈദരാബാദിലെ ഈ കമ്പനിയാണ്.

ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അപകട മരണവും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഇ.വി.എം ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണെന്നാണ് ഷൂജ അവകാശപ്പെടുന്നത്. എ.വി.എമ്മില്‍ ക്രമക്കേട് നടത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നു തന്നെയാണ് ചോദ്യം വന്നതെന്നാണ് ഹൈദരാബാദുകാരനായ ഷൂജയുടെ വാദം. അതിനുള്ള പ്രോഗ്രാം താനും തന്റെ ടീമും ചേര്‍ന്നു തയ്യാറാക്കിയെന്നും ഇതിനുശേഷമാണ് ഗോപിനാഥ് മുണ്ടെ തങ്ങളെ സമീപിക്കുന്നതെന്നും ഷൂജ വെളിപ്പെടുത്തിയിരുന്നു.

തനിക്കറിയാവുന്ന വിവരങ്ങള്‍വച്ച് പിന്നീട് ബി.ജെ.പി നേതൃത്വത്തെ ഭയപ്പെടുത്താന്‍ മുണ്ടെ ശ്രമം നടത്തിയതാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് ഹാക്കറിന്റെ ആരോപണം.

നരേന്ദ്ര മോദി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായി അധികാരമേറ്റ മുണ്ടെ 2014 ജൂണില്‍, അതായത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍, വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ട്രാഫിക് സിഗ്‌നലില്‍ കിടന്നിരുന്ന മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു മുണ്ടെയെക്ക് പരിക്കേല്‍ക്കുകയും എയിംസില്‍ കൊണ്ടുവന്നെങ്കിലും അവിടെവച്ച് മരിക്കുകയുമായിരുന്നു.

മുണ്ടെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതുപോലെ ഷൂജ മറ്റൊരു വെളിപ്പെടുത്തലും നടത്തുന്നു. എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ മരണമാണത്. മുണ്ടെയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച എന്‍.ഐ.എ ഓഫീസര്‍ തന്‍സീല്‍ അഹമ്മദ് തന്നെ തിരക്കി വന്നിരുന്നുവെന്നും ഇ.വി.എം ക്രമക്കേടുകളെകുറിച്ച് തിരക്കിയിരുന്നുവെന്നും ഷൂജ പറയുന്നു.

ഷൂജയുടെ വെളിപ്പെടുത്തലുകളില്‍ വരുന്ന മറ്റൊരു പേരാണ് ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇപ്പോഴും സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ശത്രുത മാത്രമല്ല ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന് പറയാവുന്ന തരത്തിലാണ് ഷൂജയുടെ വാക്കുകള്‍. ഇ.വി.എം ക്രമക്കേടുകളെ കുറിച്ച് ഗൗരി ലങ്കേഷിന് വിവരം കിട്ടിയിരുവെന്നും അവരത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുത്തിരിക്കെയാണ് കൊല്ലപ്പെട്ടതെന്നുമാണ് മറ്റൊരു ആരോപണം. വോട്ടിങ് യന്ത്രത്തിന്റെ കേബിള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയാന്‍ വിവരാവകാശപ്രകാരം ഗൗരി ലങ്കേഷ് ചോദ്യങ്ങള്‍ നല്‍കിയിരുന്നതായും ഷൂജ ചൂണ്ടിക്കാണിക്കുന്നു. അതിനുപിന്നാലെയാണ് അവര്‍ കൊല്ലപ്പെട്ടിരുന്നത്.

സയീദ് ഷൂജയുടെ ഈ വെളിപ്പെടുത്തലുകള്‍ നേരത്തെ തന്നെ ബി.ജെ.പി തള്ളിക്കളഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും ഷൂജയ്‌ക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അസംബന്ധങ്ങളെന്നാണ് ഷൂജയുടെ വാദങ്ങളെ കമ്മിഷന്‍ വിമര്‍ശിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണ് ഇതെല്ലാമെന്നും ഷൂജയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം ഹാക്കറുടെ വാക്കുകള്‍ മുഖവിലക്കെടുക്കാതെ തഴഞ്ഞാലും മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ നാടിനെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ വെളിപ്പെടുത്തലാണത്.

2017ലാണ് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാര്‍ട്ടി തത്സമയ പ്രദര്‍ശനം നടത്തിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി എങ്ങനെ യന്ത്രത്തില്‍ തിരിമറി നടത്താമെന്നതായിരുന്നു പ്രദര്‍ശനം കാണിച്ചുതന്നിരുന്നത്.രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച സംഭവമായിരുന്നു ഇത്. ഇപ്പോഴത്തെ വോട്ടിങ് യന്ത്രങ്ങളെ വിശ്വസിക്കാനാവില്ലെന്ന നിലപാടുതന്നെയാണ് ഐ.ടി വിദഗ്ധര്‍ക്കിടയിലുമുള്ളത്. സാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി കൈവരിച്ച ഇംഗ്ലണ്ട്, ജപ്പാന്‍, ജര്‍മനി, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം വോട്ടിങ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങിയ രാജ്യങ്ങളാണ് എന്നതും നാം ഓര്‍ക്കാതെ പോകരുത്. വിശ്വാസം അത് തന്നെയാണ് ഏറ്റവും പ്രധാനം.

political reporter

Top