AAP’s CM nominee in Goa questioned by anti-graft body, he calls it harassment

ന്യൂഡല്‍ഹി: ആം ആദ്മിപാര്‍ട്ടിയുടെ ഗോവ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എല്‍വിസ് ഗോമസിനെ അഴിമതിക്കേസില്‍ ഗോവന്‍ ആന്റി കറപ്ഷന്‍ ബറോ ചോദ്യം ചെയ്തു.

ഹൗസിങ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എല്‍വിസ് ഗോമസിനെ ചോദ്യം ചെയ്തത്.

ഗോവന്‍ ഹൗസിങ് ബോര്‍ഡിന്റെ മാനേജിങ് ഡയറക്ടറായിരുന്ന കാലത്ത് 30,000 ചതുരശ്ര മീറ്റര്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.

ഭൂമിയുടെ വിപണി വില വര്‍ധിപ്പിക്കാന്‍ രേഖകളില്‍ തിരിമറി നടത്തി എന്നാണ് പ്രധാന ആരോപണം. വിവാദങ്ങളെ തുടര്‍ന്ന് 2011 ല്‍ ഭൂമി ഉടമയ്ക്ക് തിരികെ നല്‍കിയിരുന്നു.

പിന്നീട് ഗോവയുടെ ജയില്‍ ഐജിയായി സേവനത്തിന് ശേഷം ഇക്കഴിഞ്ഞ മെയില്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ച എല്‍വിസ് ഗോമസ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം ഇദ്ദേഹത്തെ ആന്റി കറപ്ഷന്‍ ബ്യൂറോ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സംഭവത്തില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ എഎപി രംഗത്ത് വന്നു. വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും എഎപിയില്‍ ചേര്‍ന്നതുകൊണ്ട് എല്‍വിസിനെ ലക്ഷ്യമിടുകയാണെന്നും എഎപി ആരോപിക്കുന്നു. എല്‍വിസ് ഗോമസിനെപ്പോലെ സത്യസന്ധനായ ഒരാളെ ബിജെപി സര്‍ക്കാര്‍ കുറ്റവാളിയാക്കുകയാണെന്നും എഎപി ആരോപിക്കുന്നു.

എന്നാല്‍ എല്‍വിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് അദ്ദേഹം സര്‍വീസിലുണ്ടായിരുന്ന സമയത്തായിരുന്നുവെന്നും എങ്ങനെയാണ് ഈ വിഷയത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നതെന്നും ബിജെപി തിരിച്ചു ചോദിക്കുന്നു.

എല്‍വിസിനെതിരായ അഴിമതി കേസ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് എഎപിക്കുള്ളത്. അടുത്ത വര്‍ഷമാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പാര്‍ട്ടിയുടെ പ്രചാരണചുമതല എല്‍വിസിനാണുള്ളത്.

Top