തെരഞ്ഞെടുപ്പ് ; ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, കോണ്‍ഗ്രസുമായി സഖ്യത്തിനില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഏഴ് സീറ്റുകളില്‍ 6 എണ്ണത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്.

സൗത്ത്‌ ഡല്‍ഹിയില്‍ രാഘവ് ചന്ദയും ചാന്ദിനി ചൌക്കില്‍ പങ്കജ് ഗുപ്തയും, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഗുഗന്‍ സിങും മത്സരിക്കും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബ്രിജേഷ് ഗോയലും ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷിയും നോര്‍ത്ത്ഈസ്റ്റില്‍ ദിലീപ് പാണ്ഡെയുമാണ് സ്ഥാനാര്‍ത്ഥികള്‍.

വെസ്റ്റ് ഡല്‍ഹി സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റിലേക്ക് ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കണ്‍വീനര്‍ ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസുമായി ഡല്‍ഹിയില്‍ സഖ്യത്തിനില്ലെന്നാണ് എ.എ.പി തീരുമാനം. ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സഖ്യ ചര്‍ച്ചകള്‍ നടത്തി വരവെയാണ് എ.എ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Top