കാവി പടയെ തുരത്താനല്ല, അനായാസ വിജയം ഉറപ്പ് വരുത്താനാണ് കോൺഗ്രസ്സ് ! !

ധികാര മോഹവും വാശിയും കൊണ്ട് സ്വന്തം കുഴി തന്നെ തോണ്ടുന്ന സാഹചര്യമാണ് കോണ്‍ഗ്രസ്സ് സൃഷ്ടിക്കുന്നത്. ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലും ഹരിയാനയിലും പോലും അവര്‍ ആം ആദ്മി പാര്‍ട്ടിയുമായി കൂട്ടുചേരാന്‍ തയ്യാറല്ല. നിലവില്‍ 13 സീറ്റുള്ള പഞ്ചാബില്‍ 4 എം.പിമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഉള്ളവരാണ്. ഇവിടെ കോണ്‍ഗ്രസ്സിന് 3, ബി.ജെ.പിക്ക് 2, എസ്.എ.ഡി 4 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില.10 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഹരിയാനയിലാകട്ടെ ബി.ജെ.പിക്ക് 7 സീറ്റും ഐ.എന്‍.എല്‍.ഡിക്ക് 2 സീറ്റും കോണ്‍ഗ്രസ്സിന് 1 സീറ്റുമാണ് നിലവിലുള്ളത്.

ഡല്‍ഹിയില്‍ ആകെയുള്ള 7 സീറ്റുകളില്‍ ബിജെപിയാണ് നിലവില്‍ മേധാവിത്വം പുലര്‍ത്തുന്നത്. വമ്പന്‍ ഭൂരിപക്ഷത്തിന് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഈ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഡല്‍ഹി. ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അതായത് ഡല്‍ഹിയില്‍ ഒന്നാം സ്ഥാനമാണെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും ജനപിന്തുണയില്‍ രണ്ടാം സ്ഥാനം അവകാശപ്പെടാനുള്ള കരുത്ത് ആ പാര്‍ട്ടിക്ക് ഇപ്പോഴുണ്ട്. അഴിമതിക്കെതിരെ പിറവിയെടുത്ത ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സുമായി കൂട്ട് ചേരാന്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും ബി.ജെ.പിയെ തുരത്താനാണ് സഖ്യത്തിന് തയ്യാറായിരുന്നത്.

ഇത്തരമൊരു വിട്ടുവീഴ്ച കെജ്‌രിവാളിന്റെ പാര്‍ട്ടി കാണിച്ചിട്ടും മുഖം തിരിക്കുന്ന നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‌ കെജരിവാളിനോടുള്ള പകയാണ് സഖ്യത്തിന് തിരിച്ചടിയെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ അധികാര മോഹമാണ് സഖ്യ സാധ്യത തട്ടി തെറിപ്പിച്ചത്.

കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനും മീതെ സൂപ്പര്‍ ഹൈക്കമാന്റായി ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്സ് നേതാക്കള്‍ നിലപാട് സ്വീകരിക്കുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 30 ലോകസഭാംഗങ്ങളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പി വമ്പന്‍ നേട്ടം കൊയ്യാനാണ് സാധ്യത. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതില്‍ ഇപ്പോള്‍ കാവി പടയുടെ ക്യാംപിലാണ് ആഘോഷം പൊടിപൊടിക്കുന്നത്.

അതേസമയം, പഞ്ചാബില്‍ ബിജെപി ഘടകകക്ഷിയായ ശിരോമണി അകാലിദളിന് (എസ്എഡി) 10 സീറ്റ് വിട്ടുകൊടുത്ത് ബിജെപി മൂന്നു സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് ധാരണയാകാമെന്ന നിര്‍ദേശം ആംആദ്മി പാര്‍ട്ടി മാസങ്ങള്‍ക്കുമുമ്പേ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍വച്ചിരുന്നു. എന്നാല്‍ രണ്ടിടത്തും കോണ്‍ഗ്രസ് നേതൃത്വം ഈ നിര്‍ദേശം തള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാലു സീറ്റില്‍ വിജയിച്ചു എന്ന് മാത്രമല്ല 24.4 ശതമാനം വോട്ടും ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. എസ്എഡിക്ക് 26 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. അവരും നാലു സീറ്റില്‍ ജയിച്ചു. അതേസമയം, 33 ശതമാനം വോട്ടു നേടിയ കോണ്‍ഗ്രസിന് മൂന്നു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ബിജെപി 8.7 ശതമാനം വോട്ടോടെ രണ്ടു സീറ്റില്‍ വിജയിക്കുകയുണ്ടായി.

2017ല്‍ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 ശതമാനം വോട്ടു വിഹിതം നിലനിര്‍ത്തിയ ആംആദ്മി പാര്‍ട്ടി 20 സീറ്റുകള്‍ നേടുകയുണ്ടായി. ഭരണം തിരിച്ചുപിടിച്ചെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 1.5 ശതമാനം കുറയുകയുണ്ടായി. ഈ കണക്കുകള്‍ക്കു പുറമെ പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ചാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിരുദ്ധവോട്ടുകള്‍ ഒന്നിച്ചാല്‍ നേട്ടം കൊയ്യാന്‍ സാധിക്കും. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് പഞ്ചാബിലെ സഖ്യത്തിന് തടസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വെല്ലുവിളി ഉയര്‍ത്തിയത് ആംആദ്മി പാര്‍ട്ടിയാണെന്നും അവരുമായി സഹകരിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നുമാണ് അമരീന്ദര്‍സിങ് പറയുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് തന്നെ ഈ നേതാവാണ്.

ഹരിയാനയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴിടത്തും ബിജെപിയാണ് ജയിച്ചത്. ഓം പ്രകാശ് ചൗതാലയുടെ ഐഎന്‍എല്‍ഡി രണ്ടിടത്തും ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. ആംആദ്മി പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനമാണ് ഹരിയാന. ജാട്ടു വോട്ടുകളില്‍ ഗണ്യമായ സ്വാധീനമുള്ള ഐഎന്‍എല്‍ഡി ഈയിടെ പിളര്‍ന്നെങ്കിലും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ജനുവരിയില്‍ ജീണ്ട് മണ്ഡലത്തില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ സ്ഥാനാര്‍ഥി രണ്‍ദീപ് സിങ് സുര്‍ജെവാല മൂന്നാം സ്ഥാനത്തേക്ക് തെറിച്ചത് മറന്നാണ് ഇവിടേയും സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മുഖം തിരിക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഗ്രൂപ്പുപോര് ശക്തമായതിനാല്‍ ആരെയും കൂടെക്കൂട്ടാന്‍ നേതാക്കള്‍ തയ്യാറല്ല. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള വിഭാഗവും പിസിസി അധ്യക്ഷന്‍ അശോക് തന്‍വറിന്റെ ഗ്രൂപ്പും തമ്മില്‍ പൊരിഞ്ഞ പോര് തുടരുകയാണിവിടെ.

ബി.ജെ.പി വീണ്ടും അധികാരത്തില്‍ കയറാതിരിക്കുന്നതിനായി സകല പ്രതിപക്ഷ കക്ഷികളും വിട്ടുവീഴ്ച ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ ഈ വഞ്ചനാപരമായ നിലപാട്. 80 സീറ്റുള്ള യു.പിയില്‍ പോലും എതിരാളികളായ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു കഴിഞ്ഞു. അവിടെയും ഈ സഖ്യത്തിന് പാരയായി ഒറ്റക്ക് മുഴുവന്‍ സീറ്റിലും മത്സരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ഇതിനായി പ്രയങ്ക ഗാന്ധിയെയും ജോതിരാദിത്യ സിന്ധ്യയെയും നിയോഗിച്ചു കഴിഞ്ഞു. യു.പിയിലും ബി.ജെ.പിയുടെ ഇപ്പോഴത്തെ പ്രതീക്ഷ പ്രതിപക്ഷ വോട്ട് ഭിന്നതയിലാണ്

സോണിയയുടെയും രാഹുലിന്റെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ സഹായിച്ച എസ്.പി ബി.എസ്.പി സഖ്യത്തിനോട് നീതികേടാണ് കോണ്‍ഗ്രസ്സ് കാട്ടുന്നതെന്ന വികാരവും ശക്തമാണ്. എസ്.പി ബി.എസ്.പി അണികള്‍ ഇക്കാര്യത്തില്‍ രോഷാകുലരാണ്. റായ് ബറേലിയിലും, അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നതാണ് ഇപ്പോള്‍ അവരുടെ നിലപാട്.

മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ രാജ്യത്ത് ഏകാധിപത്യ ഭരണമാണ് വരിക എന്ന് പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിന്റെ സഖ്യവിരുദ്ധ നിലപാടുകള്‍ക്ക് മറുപടി പറയണമെന്നതാണ് പ്രതിപക്ഷത്ത് ഉയരുന്ന ആവശ്യം.


യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നായി 110 ലോകസഭ സീറ്റുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ ഇപ്പോള്‍ ബി.ജെ.പിക്ക് ജയം ഉറപ്പാക്കാനാണ് കോണ്‍ഗ്രസ്സിന്റെ പിടിവാശി കാരണമായിരിക്കുന്നത്. ഇനി നിങ്ങള്‍ പറയു ആരാണ് ബിജെപിയെ അധികാരത്തിലേറ്റാന്‍ യതാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത് ?

Top