സച്ചിൻ പൈലറ്റിനെ മുൻനിർത്തി രാജസ്ഥാൻ ഭരണം പിടിക്കാൻ എ.എ.പിയുടെ തന്ത്രപരമായ നീക്കം !

രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ആം ആദ്മി പാർട്ടിയിൽ ചേക്കേറുമെന്ന് റിപ്പോർട്ട്. ദേശീയ മുഖവും യുവ നേതാവായ സച്ചിൻ പൈലറ്റിനെ ഒപ്പം നിർത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തീവ്രശ്രമത്തിലാണുള്ളത്. സച്ചിൻ പൈലറ്റ് നടത്തിയ പദയാത്രയെ കോൺഗ്രസ്സ് തള്ളിപ്പറഞ്ഞിട്ടും വൻ വിജയമായി മാറിയിട്ടുണ്ട്. രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാറിന്റെ അഴിമതി വിരുദ്ധ നിലപാടിനെ പൊളിച്ചടുക്കുന്നതിനാണ് സച്ചിൻ പൈലറ്റ് രംഗത്തിങ്ങിയിരുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെയും സംഘത്തിന്റെയും അഴിമതിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് അവരുമായുളള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുപ്പത്തെ തുടർന്നാണെന്നാണ് സച്ചിൻ പൈലറ്റ് ആരോപിച്ചിരിക്കുന്നത്.

ഇത് രാജസ്ഥാൻ കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നല്ലൊരു വിഭാഗം പ്രവർത്തകരും നേതാക്കളും സച്ചിൻ പൈലറ്റിനൊപ്പമാണുള്ളത്. ഇതോടെ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് രാജസ്ഥാൻ കൈവിട്ടു പോകാനാണ് സാധ്യത. ഈ സാഹചര്യം മുതലെടുത്ത് സച്ചിൻ പൈലറ്റിനെ മുൻ നിർത്തി രാജസ്ഥാനിൽ അട്ടിമറി വിജയം നേടാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത്. നിലവിൽ ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ആം ആദ്മി പാർട്ടി ഭരണമുള്ളത്. ആ പാർട്ടിക്ക് പിന്നെ കൂടുതൽ സ്വാധീനമുള്ള സംസ്ഥാനം ഹരിയാനയാണ്.

ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിൽ ശക്തമായ സംഘടനാ സംവിധാനം ആം ആദ്മി പാർട്ടിക്കുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയുടെ ഭരണം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കെജരിവാളിനുള്ളത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി സച്ചിൻ പൈലറ്റ് വിഷയവുംആം ആദ്മി പാർട്ടി മുൻപാകെ എത്തുന്നത്. ബി.ജെ.പി നേതാവായ വസുന്ധര രാജ സിന്ധ്യക്കും രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിനും എതിരാണ് സച്ചിൻ പൈലറ്റിന്റെ പോരാട്ടം എന്നതിനാൽ അദ്ദേഹത്തിന് യോജിക്കാൻ പറ്റുന്ന ഏക പാർട്ടി ആം ആദ്മി പാർട്ടിയാണെന്നാണ് കെജരിവാൾ കരുതുന്നത്. ഇക്കാര്യത്തിൽ ഇനി സച്ചിൻ പൈലറ്റാണ് നിലപാട് വ്യക്തമാക്കേണ്ടത് എന്നതാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. അതിനു വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്.

അതേസമയം പരസ്പരം തമ്മിലടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും അനുനയിപ്പിക്കുകയെന്ന അവസാനഘട്ട ശ്രമത്തിലാണ് കോൺഗ്രസ്സ് ഹൈക്കമാന്റുള്ളത്. മുൻപ് ഓരോ പൊട്ടിത്തെറിയിലും ഗാന്ധി കുടുംബത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്ന സച്ചിന്‍ പൈലറ്റ് ഇത്തവണ രണ്ടും കല്‍പിച്ചാണ് മുന്നോട്ടു പോകുന്നത്. അതു കൊണ്ടു തന്നെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ സാധ്യതയില്ല. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്റെ നിലപാടിനെതെിരെ വിജയകരമായ പദയാത്ര നടത്തിയതിന് പിന്നാലെ ദില്ലിയിലെത്തി നേതൃത്വത്തെ കണ്ട സച്ചിന്‍ പൈലറ്റ് വരുന്ന 31 വരെ കാത്തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ സമയത്തിനുള്ളിൽ ഹൈക്കമാന്റ് പ്രത്യേകിച്ച് ഒരു തീരുമാനവും എടുക്കാൻ സാധ്യതയില്ല.

ഗെലോട്ടിനെ തള്ളിപ്പറഞ്ഞാൽ ആ നിമിഷം രാജസ്ഥാൻ സർക്കാർ വീഴും സച്ചിനെ തള്ളിപറഞ്ഞാൽ അടുത്ത തവണ ഭരണത്തിൽ എത്താനും കോൺഗ്രസ്സിനു കഴിയില്ല. അതായത് ‘ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ’ കോൺഗ്രസ്സ് ഹൈക്കമാന്റിനുള്ളത്. ഡിസംബറിലാണ് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസ്സ് പിളർന്നാൽ കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ രാജസ്ഥാൻ ഭരണം കോൺഗ്രസ്സ് നേടിയപ്പോഴും ലോകസഭ സീറ്റുകൾ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. ആ ചരിത്രം ലോകസഭയിൽ മാത്രമല്ല നിയമസഭയിലും ആവർത്തിക്കണമെന്നതാണ് ബി.ജെ.പിയുടെ ആഗ്രഹം.

ഡിസംബറിൽ രാജസ്ഥാനോടൊപ്പം മധ്യപ്രദേശ്, ചത്തിസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ രാജസ്ഥാൻ, ചത്തിസ്ഗഢ് സംസ്ഥാനങ്ങൾ ഭരിക്കുന്നത് കോൺഗ്രസ്സാണ്. മധ്യപദേശിൽ ബി.ജെ.പിയിലും തെലങ്കാനയിൽ ടി.ആർ.എസ് ഭരണവുമാണ് നടക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നടക്കുന്ന തിരഞ്ഞെടുപ്പു ആയതിനാൽ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് എല്ലാ പാർട്ടികൾക്കും അനിവാര്യമാണ്. ഭരണമുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാന ഭരണം നഷ്ടമായാൽപ്പോലും കോൺഗ്രസ്സിനു വലിയ പ്രഹരമാകും. കർണ്ണാടക വിജയം നൽകിയ ആവേശമെല്ലാം അതോടെ തീരും. ഈ സാഹചര്യം മുന്നിൽ കണ്ട് തെലങ്കാനയിൽ മുന്നേറ്റം ഉണ്ടാക്കാൻ പറ്റുമോ എന്നാണിപ്പോൾ കോൺഗ്രസ്സ് ശ്രമിക്കുന്നത്. അതിനായി തെലങ്കാന ഭരണം പിടിക്കാനാണ് കോൺഗ്രസ്സ് ശ്രമം.

വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷയും ആന്ധ്ര മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിളയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്. നേതൃപ്രതിസന്ധി നേരിടുന്ന തെലങ്കാനയിൽ പാര്‍ട്ടി നേതൃസ്ഥാനം ശര്‍മിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ തെലങ്കാന കേന്ദ്രീകരിച്ചാണ് ശര്‍മിള പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നതാണ് ശർമിളയുടെ നിലപാട്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ശര്‍മിളയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കുടുംബത്തോട് മുൻപ് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കാലുപിടിക്കാതെ എന്തായാലും ശർമിള വഴങ്ങാൻ സാധ്യതയില്ല. പ്രിയങ്കയുടെ ടീം ഷര്‍മിളയുമായി ബന്ധപ്പെട്ടെന്ന് വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശര്‍മിളയുടെ പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം മറ്റുപല നിര്‍ദേശങ്ങളും വെച്ചിട്ടുണ്ടെന്നും എന്നാൽ ശർമിള ഒരു തീരുമാനവും പറഞ്ഞിട്ടില്ലതാണ് വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി നേതാക്കൾ പറയുന്നത്. രാജ്യസഭാ സീറ്റും തെലങ്കാന – ആന്ധാ സംസ്ഥാനങ്ങളിൽ പാര്‍ട്ടിയുടെ നേതൃസ്ഥാനവുമാണ് കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് മുന്നിൽ മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന്റെ പൊടിപോലും നിലവിലില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

EXPRESS KERALA VIEW

Top