‘ഡല്‍ഹിയിലെ ഏഴുസീറ്റുകളില്‍ ഒന്ന് നല്‍കാം’: എഎപി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായി എഎപി. പഞ്ചാബില്‍ 13 സീറ്റുകളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ സഖ്യത്തിന് തയ്യാറാണെന്ന് എഎപി അറിയിച്ചത്. ഡല്‍ഹിയിലെ ഏഴുസീറ്റുകളില്‍ ഒന്ന് നല്‍കാമെന്നാണ് വാഗ്ദാനം.

”മെറിറ്റ് അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും അര്‍ഹിക്കുന്നില്ല. പക്ഷെ സഖ്യത്തില്‍ അനുവര്‍ത്തിക്കേണ്ട ധര്‍മത്തെ മുന്‍നിര്‍ത്തി ഞങ്ങള്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്യുകയാണ്. കോണ്‍ഗ്രസ് ഒരു സീറ്റിലും എഎപി ആറുസീറ്റുകളിലും മത്സരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.” എഎപി എംപി സന്ദീപ് പതക് പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോണ്‍ഗ്രസാണ് രണ്ടാമത് കൂടുതല്‍ വോട്ട് നേടിയത്. എഎപിക്ക് മൂന്നാംസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അന്നുമുതല്‍ ഡല്‍ഹിയിലാണെങ്കിലും പഞ്ചാബിലാണെങ്കിലും മികച്ച പ്രകടനമാണ് എഎപി കാഴ്ചവയ്ക്കുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിയെയും കോണ്‍ഗ്രസിനെയും എഎപി പരാജയപ്പെടുത്തി. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതും എഎപി ആണ്.

ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷിയാണ് എഎപിയും കോണ്‍ഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും ഡല്‍ഹിയിലും സീറ്റ് വിഭജനം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നേതൃതലത്തില്‍ നടന്നുവരികയാണ്. എന്നാല്‍ എഎപി സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.

എഎപി പഞ്ചാബിലെ 13 സീറ്റിലും മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്.”രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചു. 117 സീറ്റുകളില്‍ 92 സീറ്റുകളും ഞങ്ങള്‍ക്ക് തന്നു. നിങ്ങള്‍ ചരിത്രമാണ് പഞ്ചാബില്‍ സൃഷ്ടിച്ചത്. ഞാന്‍ കൈകള്‍ കൂപ്പി നിങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നില്‍ക്കുകയാണ്. നിങ്ങളോട് ഒരു അനുഗ്രഹം കൂടി ചോദിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ 13 സീറ്റുകളാണ് ഉള്ളത്. ചണ്ഡിഗഡില്‍ ഒന്നും. ആകെ 15 സീറ്റുകള്‍. അടുത്ത 1015 ദിവസങ്ങള്‍ക്കുള്ളില്‍ എഎപി ഈ 14 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വന്‍ഭൂരിപക്ഷത്തോടെ 14 സീറ്റുകളും നേടാന്‍ നിങ്ങളാണ് സഹായിക്കേണ്ടത്.” കേജ്രിവാള്‍ പറഞ്ഞു.

Top