AAP MP released footage ; Parliament astonished and dinne

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും സ്തംഭിച്ചു. സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നാണ് പാര്‍ലമെന്റിന്റെ ദശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് ഭഗവന്ത് മന്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തത്.

സൗത്ത് അവന്യൂവില്‍നിന്ന് പാര്‍ലമെന്റിലേക്ക് പോകുംവഴി കാറിലിരുന്ന് പകര്‍ത്തിയതാണ് വീഡിയോ. പാര്‍ലമെന്റിലെ പോലീസ് പിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങള്‍ വീഡിയോയില്‍ ദൃശ്യമാണ്. 12 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയാണ് എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ലോക്‌സഭ ചേര്‍ന്നപ്പോള്‍ ബിജെപി, അകാലിദള്‍ അംഗങ്ങളാണ് എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അകാലിദള്‍ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയും തേടി. എന്നാല്‍ ബഹളം വര്‍ധിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

വിഷയം ഉന്നയിച്ച് ഭരണകക്ഷിയായ ബിജെപി രാജ്യസഭയിലും ബഹളമുയര്‍ത്തി. എന്നാല്‍ ലോക്‌സഭാംഗവുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അറിയിച്ചു.

സംഭവത്തില്‍ എംപിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. ഭഗവന്ത് മന്നിനെ സ്പീക്കര്‍ ചേംബറിലേക്ക് വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് വിശദീകരണം ആരാഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ ഭഗവന്ത് മന്‍ മാപ്പുചോദിച്ചു.

Top