AAP MLA Sarita Singh booked for allegedly misbehaving with police official

ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു. ഡല്‍ഹി രോഹതാസ് നഗര്‍ എം.എല്‍.എയായ സരിത സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് 7.15നാണ് സംഭവം നടന്നത്. വടക്കന്‍ ഡല്‍ഹിയിലെ രോഹ്താസ് നഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സരിത സിംഗ്. സരിതയുടെ കാറിന്റെ ഡ്രൈവര്‍ വാഹനം അശ്രദ്ധമായി പുറകോട്ട് എടുക്കവെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓം പാല്‍ എന്ന സബ് ഇന്‍സ്‌പെക്ടറുടെ ബൈക്കില്‍ ഇടിച്ചു. കാര്‍ അലക്ഷ്യമായി പുറകോട്ട് വരുന്നത് കണ്ട ഓംപാല്‍ ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറും ഓംപാലും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സരിത അവിടെയെത്തുകയും ഓംപാലിനോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.

കൃത്യനിര്‍വഹണം തടസപ്പെടുത്തുക, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഓംപാലാണ് തന്നോട് ആദ്യം മോശമായി പെരുമാറിയതെന്ന് സരിത സിംഗ് ആരോപിച്ചു.

Top