വോട്ടിംഗ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം നടത്താം? തത്സമയം അവതരിപ്പിച്ച് എഎപി എംഎല്‍എ

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം നടത്താമെന്ന് തത്സമയം നിയമസഭയില്‍ അവതരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എം എല്‍ എ.

ഡല്‍ഹി നിയമസഭയില്‍ എഎപി എംല്‍എ സൗരഭ് ഭരദ്വാജാണ് ഡമ്മി വോട്ടിംഗ് യന്ത്രവുമായെത്തി കൃത്രിമം നടത്തുന്ന രീതി വിശദീകരിച്ചത്.

രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു.

രഹസ്യ കോഡ് നല്‍കിയതോടെ എഎപിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ അക്കൗണ്ടിലായി. ഇതോടെ വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്ന് ഭരദ്വാജ് അവതരിപ്പിച്ച് കാണിച്ചു.

എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള യന്ത്രത്തില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

എം എല്‍ എ ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചുകാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഭരദ്വാജിന്റെ ആരോപണത്തെ തുടര്‍ന്നു ബിജെപി എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. സഭ നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയെ സ്പീക്കര്‍ സഭയില്‍നിന്നു പുറത്താക്കിയിരുന്നു.

Top