കെജ്രിവാള്‍ സീറ്റ് വില്‍പ്പന നടത്തി ! രാജി വെച്ച് സിറ്റിംഗ് എംഎല്‍എ; പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ട്ടി എംഎല്‍എ എന്‍.ഡി. ശര്‍മ രാജിവച്ചു. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍ഡി ശര്‍മ ഇടംപിടിച്ചിരുന്നില്ല. ബദര്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണു ശര്‍മ.

രാജിവച്ചതിനു പിന്നാലെ എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ ശര്‍മ ആരോപണങ്ങളും ഉയര്‍ത്തി. 20 കോടി രൂപക്കു കെജ്രിവാള്‍ സീറ്റ് വില്‍പ്പന നടത്തിയെന്നാണു ശര്‍മയുടെ പ്രധാന ആരോപണം.

ചൊവ്വാഴ്ച വൈകിട്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ 70 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം 46 സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും. കെജ്രിവാള്‍ കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ഡല്‍ഹി സീറ്റില്‍ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും. കല്‍കജിയില്‍ നിന്നാണ് അതിഷി ജനവിധി തേടുക.

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 23 പുതുമുഖങ്ങളുണ്ട്. എട്ട് വനിത സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

Top