AAP MLA Amanatullah Khan arrested for threatening a woman

ഡല്‍ഹി: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ഭീഷണിപ്പെടുത്തിയതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 506, 509 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ദില്ലി ജാമിയ നഗര്‍ സ്വദേശിനിയായ യുവതി വൈദ്യുതി വിതരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എയെ സമീപിച്ചത്.

പരാതിയുടെ പേരില്‍ യുവതിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് യുവതി ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഈ മാസം നാല് കേസുകളാണ് സ്ത്രീ പീഢനവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top