സീറ്റ് നിഷേധിച്ചു; ആത്മഹത്യാഭീഷണിയുമായി ആംആദ്മി പാർട്ടി നേതാവ്

ഡല്‍ഹി: ഡല്‍ഹി നഗരസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് ആത്മഹത്യാഭീഷണി മുഴക്കി. ടെലിഫോണ്‍ ടവറിന് മുകളില്‍ കയറിയാണ് കിഴക്കന്‍ ഡല്‍ഹിയിലെ മുന്‍ കൗണ്‍സിലര്‍ ഹസീബ് ഉള്‍ ഹസന്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.

ഡല്‍ഹിയില്‍ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആംആദ്മി പാര്‍ട്ടി നേതാക്കളായ ദുര്‍ഗേഷ് പഥക്കും അതിഷിയുമാണ് ഉത്തരവാദികള്‍ എന്ന് ഹസീബ് ഉള്‍ ഹസന്‍ ആരോപിച്ചു.  ബാങ്ക് പാസ്ബുക്ക് അടക്കമുള്ള തന്റെ രേഖകള്‍ അവര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. നാളെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. എന്നാല്‍ തന്റെ രേഖകള്‍ ഇതുവരെ തിരിച്ചുതന്നിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ അദ്ദേഹം ആരോപിച്ചു. ആംആദ്മി പാര്‍ട്ടി നേതൃത്വം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി നിര്‍ത്തുമോ ഇല്ലയോ എന്നത് തന്റെ ആശങ്കയല്ല. എന്നാല്‍ രേഖകള്‍ തനിക്ക് തിരികെ വേണമെന്നും ഹസീബ് ഉള്‍ ഹസന്‍ പറഞ്ഞു. താന്‍ ടവറിന്റെ മുകളില്‍ എത്ര ഉയരത്തിലാണ് എന്ന് കാണിക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവിനിടെ, മുന്‍ കൗണ്‍സിലര്‍ ക്യാമറ  താഴേക്ക് ഫോക്കസ് ചെയ്തു.

Top