കർഷക പ്രക്ഷോഭം നടത്തുന്നവർക്ക് ആംആദ്മി പാര്‍ട്ടിയുടെ വൈഫൈ ഹോട്ട്സ്പോട്ട്

ഡൽഹി: ഡൽഹിയിൽ കർഷക പ്രക്ഷോഭം നടത്തുന്നവർക്ക് വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കി ആംആദ്മി പാര്‍ട്ടി. തിക്രി, സിന്‍ഗു എന്നിവിടങ്ങളിലാണ് ആംആദ്മി സര്‍ക്കാറിന്‍റെ വൈഫൈ സംവിധാനം സ്ഥാപിച്ചത് എന്നാണ് ആപ്പ് നേതാവ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈഫൈ ലഭിക്കുന്നതിലൂടെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നു ആംആദ്മി നേതാവ് പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷക സമരത്തിന് പിന്തുണയുമായി നേരത്തെ ആംആദ്മി സര്‍ക്കാര്‍ രംഗത്തുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിന്‍ഗു അതിര്‍ത്തിയില്‍ രണ്ടു തവണ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. രാഘവ് ചദ്ദ നേരിട്ട് എത്തിയാണ് വൈഫൈ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Top