ഇടതു കോട്ട ഇളക്കാൻ ബുദ്ധിമുട്ടാണ്, ആം ആദ്മി പാർട്ടിയും തിരിച്ചറിഞ്ഞു !

ആംആദ്മി പാര്‍ട്ടിയില്‍ ട്വന്റി ട്വന്റി ലയിച്ചാലും അവര്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലത്തിലും മത്സരിച്ചാലും അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു ഭീഷണിയുമല്ല. പാവപ്പെട്ടവര്‍ക്ക് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ നേടികൊടുത്ത നേട്ടങ്ങളുടെ ഒരു ചെറിയ ശതമാനം പോല ആം ആദ്മി പാര്‍ട്ടി ഏറെ വര്‍ഷമായി ഭരിക്കുന്ന ഡല്‍ഹിയില്‍ പോലും നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഡല്‍ഹി ഭരിച്ച മറ്റു പാര്‍ട്ടികളേക്കാള്‍ മികച്ച രീതിയില്‍ ഭരണം നടത്താന്‍ കെജരിവാളിനു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യരംഗം,കുറഞ്ഞ ചിലവില്‍ വെള്ളവും വൈദ്യുതിയും, തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ കെജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടപ്പാക്കിയിട്ടുണ്ട്. അതേസമയം, പാവപ്പെട്ടവര്‍ക്ക് താമസിക്കാന്‍ സ്വന്തമായ ഒരിടം എന്നത്, ഇപ്പോഴും ഡല്‍ഹിയിലെ ചേരി നിവാസികളുടെ ഒരു സ്വപ്നമാണ്. ഒരു എം.എല്‍.എയും ഡല്‍ഹി കോര്‍പ്പറേഷനില്‍ ഒരു അംഗവും പോലും ഇല്ലാതിരുന്നിട്ടും, ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങിയത് സി.പി.എമ്മാണ്.

സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി പോലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ‘അജണ്ട’ നടപ്പാക്കുന്ന കോര്‍പ്പറേഷന്‍ – പൊലീസ് അധികൃതരുടെ നടപടിക്കു മുന്നില്‍ പകച്ചു നിന്നപ്പോള്‍ അവിടെ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്തത് സി.പി.എം പി.ബി അംഗം വൃന്ദകാരാട്ടാണ് . സുപ്രീംകോടതി സ്റ്റേ വകവെക്കാതെ ബുള്‍ഡോസര്‍കൊണ്ട് കെട്ടിടങ്ങള്‍ പൊളിക്കുന്നതാണ് ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞിരുന്നത്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നിരുന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് തന്നെ ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്ത് എത്തി ബുള്‍ഡോസറിനു മുന്നില്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തുകയാണ് ഉണ്ടായത്. ഇതോടെയാണ് പൊളിച്ചടുക്കലും നിര്‍ത്തിവച്ചിരുന്നത്.

‘ഒരു കമ്യൂണിസ്റ്റാണ് അവശേഷിക്കുന്നതെങ്കില്‍ പോലും, അതൊരു പാര്‍ട്ടിയായി മാറുമെന്ന” വാക്കുകളെ ഓര്‍മ്മപ്പെടുത്തുന്ന സംഭവമായിരുന്നു അത്. ഇതു പോലെ ഒറ്റപ്പെട്ടതെങ്കിലും രാജ്യം ശ്രദ്ധിച്ച നിരവധി ഇടപെടലുകളും പോരാട്ടങ്ങളും നടത്തിയ ചരിത്രം അവകാശപ്പെടാനുള്ള പാര്‍ട്ടിയാണ് സി.പി.എം. ഇക്കാര്യം ഇവിടെ ഓര്‍മ്മിപ്പിച്ചത് കെജരിവാള്‍ കേരളത്തില്‍ എത്തുന്നത് ആഘോഷിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ്. ബി.ജെ.പിക്ക് ഒരു ബദല്‍ എന്നതിനേക്കാള്‍, ബി.ജെ.പിയുടെ ബി ടീം എന്നാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന” ലക്ഷ്യം കൈവരിക്കാന്‍ പരിവാര്‍ തന്നെ തിരികൊളുത്തിയ മൂവ്മെന്റാണ് ഇതെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഭൂരിപക്ഷ പ്രീണന കാര്യത്തില്‍ സംഘപരിവാറിന്റെ നിലപാടു തന്നെയാണ്, ആം ആദ്മി പാര്‍ട്ടിയും പിന്തുടരുന്നത്. അത് കെജരിവാള്‍ ഉള്‍പ്പെടെ ഉള്ളവരുടെ പ്രവര്‍ത്തികളിലും, നിലപാടുകളിലും മാത്രമല്ല, വേഷങ്ങളിലും പ്രകടമാണ്. കോണ്‍ഗ്രസ്സിനെ നശിപ്പിക്കുന്നത് അതിന്റെ നേതാക്കള്‍ തന്നെയാണ്.

ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബ് ഭരണം നഷ്ടമായതും അവരുടെ കയ്യിലിരിപ്പു കൊണ്ടു തന്നെയാണ്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മോദിയുടെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഉള്‍പ്പെടെ ബി.ജെ.പിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി വരണമെന്നതാണ് പരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അവര്‍ കേരളവും ലക്ഷ്യമിടുമ്പോള്‍ അജണ്ടയും മറ്റൊന്നാണ്. അതാകട്ടെ കാവി രാഷ്ട്രീയത്തിന് അനുകൂലവുമാണ്. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയ പ്രബുദ്ധത നേടിയ കേരളത്തില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഇടം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി വിജയമാണ് കെജരിവാളിന്റെ ആത്മവിശ്വാസത്തിനു പിന്നിലെങ്കില്‍ അതൊരു തെറ്റായ കണക്കുകൂട്ടലുകള്‍ ആയിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിലും വന്‍ വിജയം നേടിയത് ഇടതുപക്ഷമാണ്. ട്വന്റി ട്വന്റി ആം ആദ്മിയില്‍ ലയിച്ചതു കൊണ്ടോ സഖ്യമായതു കൊണ്ടോ ചുവപ്പ് കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു കഴിയുകയില്ല. ഇവിടെ പാവങ്ങളുടെ രാഷ്ട്രീയത്തിനാണ് വളക്കൂറുള്ളത്.

Aam Aadmi Party

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉഴുതു മറിച്ചു പാകപ്പെടുത്തിയ ആ മണ്ണില്‍ വളരുക എന്നത് ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകും. ഇതു പറയുമ്പോള്‍ തന്നെ മറ്റൊരു യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടതുണ്ട്. അത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചാണ്. ആം ആദ്മി പാര്‍ട്ടി വളര്‍ന്നതെല്ലാം കോണ്‍ഗ്രസ്സ് വോട്ട് ബാങ്കുകള്‍ തരിപ്പണമാക്കിയാണ്. അത്തരമൊരു സാധ്യത കേരളത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യതയും ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുകയില്ല. ഇടതുപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലങ്കിലും, യു.ഡി.എഫ് വോട്ട് ബാങ്കില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് വോട്ടുബാങ്കില്‍ അവര്‍ക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും അതു തന്നെയാണ്… യു.ഡി.എഫ് നേതാക്കളെയും ആശങ്കപ്പെടുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫ് എന്ന മുന്നണിയുടെ നിലനില്‍പ്പിനെ തന്നെയാണ് അതു ബാധിക്കുക. ഇപ്പോള്‍ ശത്രുക്കളെ പോലെ ആണെങ്കിലും, ഭാവിയില്‍ ആം ആദ്മി പാര്‍ട്ടി – ബി.ജെ.പി സഖ്യത്തിനും സാധ്യത കൂടുതലാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ അവര്‍ പിടിക്കുന്ന വോട്ടും, മുന്നോട്ടുള്ള പ്രയാണത്തിന് നിര്‍ണ്ണായകമാകും.

മെയ് പതിനഞ്ചിന് ആണ് കെജരിവാള്‍ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നത്. ഇതോടെ, പാര്‍ട്ടിക്ക് മുന്നേറാനുള്ള വഴികള്‍ ഒരുങ്ങും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ ഉള്ളത്. കേരളത്തില്‍ പാര്‍ട്ടിക്ക് സാധ്യതയുണ്ടോ എന്നറിയാന്‍ , മൂന്നു സര്‍വ്വെകളാണ് ആം ആദ്മി പാര്‍ട്ടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ സര്‍വേ റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിരിക്കുന്നതും, ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകര്‍ക്കുക പ്രയാസമാണ് എന്നതാണ്. അതേസമയം, കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ എളുപ്പമാണെന്ന കണ്ടെത്തലും, ഈ സര്‍വേയിലുണ്ട് എന്നാണ് സൂചന. ആദ്യ സര്‍വ്വെ ആം ആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം നേരിട്ടാണ് നടത്തിയിരിക്കുന്നത്. ഇതിലാണ് വ്യക്തമായ വിവരമുള്ളത്.രണ്ടാമത്തെ സര്‍വ്വെ കേരള ഘടകമാണ് നടത്തിയിരിക്കുന്നത്. ഒരു സ്വതന്ത്ര ഏജന്‍സിയെ ഉപയോഗിച്ചുള്ള സര്‍വ്വെയും പിന്നീട് നടന്നിട്ടുണ്ട്. പഞ്ചാബില്‍ സര്‍വ്വെ നടത്തിയ ഏജന്‍സിയാണ് കേരളത്തിലും സര്‍വ്വെ നടത്തിയിരിക്കുന്നത്.

കേരളം സാമൂഹ്യ വികസന സൂചികയില്‍ രാജ്യത്തു തന്നെ മുന്നിലുള്ള സംസ്ഥാനമാണ്.പുതിയൊരു രാഷ്ട്രീയത്തിനായി യുവവോട്ടര്‍മാര്‍ കാത്തിരിക്കുന്നു എന്ന കണ്ടെത്തലും, സര്‍വ്വെ നടത്തിയവര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത നേതാക്കള്‍, സര്‍വ്വെയില്‍ കാണുന്ന മുപ്പതു ശതമാനം പിന്തുണ എത്രത്തോളം വോട്ടായി മാറും എന്ന കാര്യത്തിലും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും, ന്യൂനപക്ഷ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലും ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിറുത്താന്‍ കഴിയുമോ എന്ന കാര്യത്തിലും, സര്‍വേ നടത്തിയവര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ട്.കോണ്‍ഗ്രസ് മരണശയ്യയിലാണെന്നതാണ് ഈ റിപ്പോര്‍ട്ടിലെ പ്രധാന ഹൈലൈറ്റ്.

EXPRESS KERALA VIEW

 

Top