പഞ്ചാബില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി എ.എ.പി; എട്ടില്‍ അഞ്ചും മന്ത്രിമാര്‍

ഡല്‍ഹി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 13 സീറ്റുള്ള സംസ്ഥാനത്ത് എട്ടുസീറ്റിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇവരില്‍ അഞ്ചുപേരും സംസ്ഥാനമന്ത്രിമാരാണ്. ബാക്കിയുള്ള സീറ്റിലേക്കും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

മന്ത്രിമാരായ കുല്‍ദീപ് സിങ് ദാലിവാള്‍ (അമൃത്സര്‍), ലാല്‍ജിത് സിങ് ഭുല്ലാര്‍ (ഖദൂര്‍ സാഹിബ്), ഗുര്‍മീത് സിങ് ഖുദിയാന്‍ (ഭട്ടിന്‍ഡ), ഗുര്‍മീത് സിങ് മീഠ് ഹയെര്‍ (സംഗ്രൂര്‍), ഡോ. ബല്‍ബീര്‍ സിങ് (പട്യാല) എന്നിവരാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ സിറ്റിങ് എം.പി. സുശീല്‍ റിങ്കു ജലന്ധറില്‍ വീണ്ടും മത്സരിക്കും.

ഈയിടെ കോണ്‍ഗ്രസ് വിട്ട് എ.എ.പി.യില്‍ചേര്‍ന്ന മുന്‍ എം.എല്‍.എ. ഗുര്‍പ്രീത് സിങ് ഖുദിയാന് ഫത്തേഗഢ് സാഹിബിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രമുഖ പഞ്ചാബി നടന്‍ കരംജീത് അന്‍മോളിന്‍ ഫരീദ്കോട്ടിലും മത്സരിക്കും. ‘ഇന്ത്യ’ സഖ്യമില്ലാതെ തനിച്ചാണ് പഞ്ചാബില്‍ എ.എ.പി.യും കോണ്‍ഗ്രസും മത്സരിക്കുന്നത്.

Top