കോവിഡ് കാലത്ത് സ്‌കൂളുകളുടെ ഫീസ് കൊള്ള അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

തിരുവനന്തപുരം: ഇന്നേവരെ കേരളത്തിലെ സ്‌കൂളുകള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാതിരുന്നിട്ടും, വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു ഇളവും കൂടാതെ മുഴുവന്‍ ഫീസും ഇപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം ഈടാക്കുന്നതിനെതിരെ ആംആദ്മിപാര്‍ട്ടി. സ്‌കൂളുകള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുള്ള സേവനവും നല്‍കാത്തതിനാല്‍, നല്‍കാത്ത സേവനത്തിനു ഫീസ് പിരിക്കാന്‍ സ്‌കൂളുകള്‍ക്ക് നിയമപരമായും സാമാന്യ നീതിയുടെ അടിസ്ഥാനത്തിലും അധികാരമില്ല.

സ്‌കൂള്‍ പ്രവര്‍ത്തിക്കുകയായിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന വൈദ്യുതി ബില്ല് മുതല്‍ സ്റ്റേഷനറി ചെലവ് വരെയുള്ള ചെലവുകള്‍ ഇപ്പോഴില്ല. ഇതിനൊക്കെ പുറമേ, മിക്കവാറും സ്വകാര്യ സ്‌കൂളുകളും അധ്യാപര്‍ക്ക് ഇപ്പോള്‍ പകുതി ശമ്പളമൊ അതില്‍ കുറവോ ആണു നല്‍കുന്നത്, ചില സ്‌കൂളുകളാവട്ടെ ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല. അതു കൊണ്ടു തന്നെ ചെലവിന്റെ ഓഹരി രക്ഷാകര്‍ത്താക്കള്‍ വഹിക്കുക എന്ന യുക്തിയും നിലനില്‍ക്കുന്നില്ല.

രക്ഷിതാക്കള്‍ ഭൂരിപക്ഷം പേരും വരുമാനമില്ലാത ബുദ്ധിമുട്ടുന്ന അവസരത്തിലാണ് സ്‌കൂളുകളുടെ ഈ പകല്‍ കൊള്ള. സ്‌കൂള്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നതു തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാവാത്ത പക്ഷം ആം ആദ്മി പാര്‍ട്ടി ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുംഎന്ന് എറണാകുളം ജില്ലാ ഭാരവാഹികള്‍ ആയ ഷക്കീര്‍ അലി, അഡ്വ ജോസ് ചിറമേല്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Top