എല്ലാവര്‍ക്കും എന്റെ നന്ദി, ഇനി ജയിക്കില്ല; തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഡല്‍ഹി: രാജ്യ തലസ്ഥാനഭരണം ആര് കൈയ്യാളും എന്ന് അറിയാനാണ് രാജ്യം ഇപ്പോള്‍ കാത്തിരിക്കുന്നത്. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രത്തില്‍ പോലും ഇല്ലാത്ത കോണ്‍ഗ്രസിന് ഇപ്പോള്‍ പരാജയം ഏറ്റു വാങ്ങേണ്ട ഗതികേടാണ്. എന്നാല്‍ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ തോല്‍വി സമ്മതിച്ചിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ മുകേഷ് ശര്‍മ്മയുടെ ട്വീറ്റാണ് ഇപ്പോള്‍ എഎപിക്ക് കൂടുതല്‍ വളമായിരിക്കുന്നത്. വോട്ടെണ്ണി തുടങ്ങി ഒരു മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ വികാസ്പുരിയിലെ സ്ഥാനാര്‍ത്ഥിയായ മുകേഷ് ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു.

”ഞാന്‍ എന്റെ തോല്‍വി അംഗീകരിക്കുന്നു. എല്ലാ സമ്മതിദായകര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. പ്രദേശത്ത് സമഗ്രമായ വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡല്‍ഹിയുടെയും മണ്ഡലമായ വികാസ്പുരിയുടെയും എല്ലാവിധ വികസനങ്ങള്‍ക്കും വേണ്ടി വീണ്ടും പരിശ്രമിക്കും.” മുകേഷ് ശര്‍മ്മ ട്വീറ്റില്‍ കുറിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ മഹീന്ദര്‍ യാദവിനും ബിജെപിയുടെ സഞ്ജയ് സിംഗിനുമെതിരെയാണ് മുകേഷ് ശര്‍മ്മ മത്സരിച്ചത്.

അതേസമയം ഡല്‍ഹിയില്‍ തലക്കുത്തി നിന്നാലും ഇനി ഭരണം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പിസി ചാക്കോ പറഞ്ഞിരിക്കുന്നത്.

‘ സാമുദായിക ധ്രുവീകരണവും രാഷ്ട്രീയ കാലാവസ്ഥയുമൊക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി. അതിനെയൊന്നും നേരിടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നാല് നേതാക്കന്മാരുടെ മക്കള്‍ മത്സരിച്ചു. ചില നേതാക്കളുടെ ഭാര്യമാര്‍ മത്സരിച്ചു. ഇതൊന്നും ജനങ്ങള്‍ക്കിടയില്‍ നല്ല സന്ദേശമല്ല നല്‍കിയത്. ഇതൊക്കെ താന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ, കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു തീരുമാനമെടുത്ത് കഴിഞ്ഞാന്‍ പിന്നെ ഞാനെന്ത് ചെയ്യാനാണ്’?ഫലം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ചാക്കോ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

Top