‘ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ എ.എ.പിക്കാവില്ല, കോൺഗ്രസിനേ കഴിയൂ’: ഗുലാംനബി ആസാദ്

ശ്രീനഗര്‍: ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. ബി.ജെ.പിയെ നേരിടാൻ ആം ആദ്മി പാർട്ടിക്കാവില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

“ഞാന്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞെങ്കിലും അവരുടെ മതേതരത്വ നയങ്ങള്‍ക്ക് എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എ.എ.പിക്ക് അതിനു കഴിയില്ല”- ഗുലാംനബി ആസാദ് പറഞ്ഞു.

ഡൽഹിയിൽ മാത്രമുള്ള ഒരു പാർട്ടിയാണ് എ.എ.പി. പഞ്ചാബിൽ ഫലപ്രദമായ ഭരണം നടത്താൻ എ.എ.പിക്ക് കഴിയുന്നില്ലെന്നും ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകള്‍ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ പരാമര്‍ശത്തെ ഗുലാംനബി ആസാദ് സ്വാഗതം ചെയ്തു. കേന്ദ്ര സർക്കാർ അങ്ങനെ ചെയ്താൽ അത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Top