നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചത് വ്യാജ വോട്ടിങ് യന്ത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ കൃത്രിമം പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്നത് വ്യാജ വോട്ടിങ് യന്ത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. യഥാര്‍ത്ഥ വോട്ടിങ് യന്ത്രത്തെ പോലിരിക്കുന്ന യന്ത്രങ്ങളുണ്ടാക്കാന്‍ ആര്‍ക്കുമാകുമെന്നും തങ്ങള്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

അതേസമയം, യഥാര്‍ത്ഥ യന്ത്രം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആം ആദ്മി പാര്‍ട്ടി വെല്ലുവിളിച്ചു.

ആം ആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജാണ് നിയമസഭയില്‍ തത്സമയം വോട്ടിങ് യന്ത്രത്തില്‍ ‘കൃത്രിമം’ നടത്തിക്കാണിച്ചത്. രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു കണ്ടത്.

എംഎല്‍എ ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചുകാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പോളിങ് അവസാനിച്ചാലുടന്‍ യന്ത്രങ്ങള്‍ സീലുചെയ്ത് സുരക്ഷാമുറിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ അതിനും മുമ്പ് തന്നെ കൃത്രിമം നടന്നുകഴിഞ്ഞിരിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്കു തന്നെ വോട്ട് പോകണമെന്നില്ല. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമഫലത്തില്‍ മാറ്റം വരുത്താനാകും എന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്.

Top