തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബജറ്റില്‍ ഡല്‍ഹി ജനത നിരാശരാണ്: കെജ്രിവാള്‍

ന്യൂഡല്‍ഹി: നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ബജറ്റില്‍ ഡല്‍ഹിയ്ക്ക് ആവശ്യമായ പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെന്നും ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല ബജറ്റില്‍ ഡല്‍ഹിജനത നിരാശരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമായിരുന്നു സജീവ ചര്‍ച്ചാവിഷയമായ വായുമലിനീകരണം ലഘൂകരിക്കാനുള്ള പദ്ധതി. 4400 കോടി രൂപയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് വായുഗുണനിലവാരം കൂട്ടാനുള്ള പദ്ധതിക്കായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്.

അതേസമയം ആദായ നികുതി സ്ലാബിലെ പരിഷ്‌കാരം തെരെഞ്ഞെടുപ്പില്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാകും ഇതിന്റെ ഗുണം കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാ വീടുകളിലേക്കും ശുദ്ധജലമെത്തിക്കുന്ന പ്രഖ്യാപനവും ഡല്‍ഹിയില്‍ പ്രചരാണായുധമാക്കും. ഡല്‍ഹി-മുംബൈ ഹൈവേ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയായ ‘സങ്കല്‍പ് പത്ര’ യിലും ഇതേകാര്യങ്ങള്‍ ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഡല്‍ഹി പിടിക്കാനുള്ള ബിജെപിയുടെ ഈ തന്ത്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെയാണ് കെജ്രിവാള്‍ ഇപ്പോഴും മുന്നോട്ട് പോകുന്നത്. ബിജെപി വാഗ്ദാനങ്ങള്‍ പലതും നടത്തിയെങ്കിലും പറഞ്ഞവാക്ക് പാലിച്ച ചരിത്രമാണ് കെജ്രിവാളിനും എഎപിക്കും ഡല്‍ഹിയിലുള്ളത്.

Top