‘ലാല്‍ സിങ് ഛദ്ദ’യുടെ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ ബാധിച്ചു; കിരണ്‍ റാവു

‘ലാല്‍ സിങ് ഛദ്ദ’യുടെ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ ബാധിച്ചുവെന്ന് സംവിധായികയും നിര്‍മാതാവുമായ കിരണ്‍ റാവു. ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു ‘ലാല്‍ സിങ് ഛദ്ദ’യെന്നും കിരണ്‍ റാവു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ആമിര്‍ ഖാന്റെ മുന്‍ ഭാര്യ കൂടിയായ കിരണ്‍ റാവുവിന്റെ പ്രതികരണം.

‘കോവിഡ് ഉള്‍പ്പടെയുള്ള ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് എത്തിയ ചിത്രമായിരുന്നു ‘ലാല്‍ സിങ് ഛദ്ദ’. ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു ഇത്. തിരക്കഥയുടെ അവകാശം സ്വന്തമാക്കാനായി ഒരുപാട് നാള്‍ മുന്‍പേ അദ്ദേഹം ശ്രമം തുടങ്ങിയിരുന്നു. ഒടിടി റിലീസിന് ശേഷം ആളുകള്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നല്ലത് പറയുന്നത് കേള്‍ക്കുന്നതില്‍ സന്തോഷം. തിയേറ്ററില്‍ ചിത്രം ആളുകള്‍ക്ക് ഇഷ്ടമായില്ലെന്ന വസ്തുത ഞങ്ങള്‍ അംഗീകരിക്കുന്നു’, കിരണ്‍ റാവു പറഞ്ഞു. സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന പുതിയ ചിത്രത്തില്‍ ആമിര്‍ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കിരണ്‍ റാവു ഇക്കാര്യങ്ങള്‍ പറഞ്ഞത്. കിരണ്‍ റാവുവും ആമിര്‍ ഖാനും ചേര്‍ന്നാണ് ‘ലാപ്താ ലേഡീസ്’ നിര്‍മിക്കുന്നത്. 2024 മാര്‍ച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ‘ലാല്‍ സിംഗ് ഛദ്ദ’ ടോം ഹാങ്ക്സിന്റെ ലോക ക്ലാസിക് ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ്. 2022 ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തിയത്. നാഗ ചൈതന്യയും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. ബോക്‌സോഫീസില്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ സാധിച്ചില്ല.

Top