Aamir Khan’s support actress Saira

ദംഗലിലെ നായിക സൈറ വസിമിന് പിന്തുണയുമായി ആമിര്‍ ഖാന്‍. എല്ലാവരും സൈറക്കൊപ്പമുണ്ട്, മാപ്പപേക്ഷ നടത്താനുണ്ടായ സാഹചര്യം തനിക്കറിയാം. 16 വയസ്സായ കുട്ടിയെ വെറുതെ വിടണമെന്നും ആമിര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന് സമൂഹമാധ്യമത്തില്‍ ക്ഷമചോദിച്ച് സൈറ വസീം രംഗത്തെത്തിയിരുന്നു.
ശനിയാഴ്ചയാണ് കശ്മീര്‍ സ്വദേശിയായ സൈറ മെഹ്ബൂബയെ കണ്ടത്.

മെഹ്ബൂബയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകള്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് 16കാരിയായ സൈറ ക്ഷമ ചോദിച്ചത്.

സൈറയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റ് താത്പര്യങ്ങളെക്കുറിച്ചും മെഹ്ബൂബ അന്വേഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍, കശ്മീരികളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് താന്‍ ക്ഷമചോദിക്കുന്നതായി സമൂഹമാധ്യമത്തിലൂടെത്തന്നെ തിങ്കളാഴ്ച സൈറ അറിയിക്കുകയായിരുന്നു. ആറുമാസത്തിനിടെയുണ്ടായ സംഭവങ്ങളാണ് താന്‍ മെഹ്ബൂബയെ കണ്ടതില്‍ പലരെയും അസ്വസ്ഥരാക്കിയതെന്നും സൈറ പോസ്റ്റില്‍ പറയുന്നുണ്ട്.

ശ്രീനഗര്‍ സ്വദേശിയായ സൈറ മെഹബൂബയുമായുള്ള കൂടികാഴ്ചയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമാണ് സംസാരിച്ചത്.

മാത്രമല്ല കാശ്മീരി യുവാക്കള്‍ക്ക് പിന്തുടരാന്‍ പറ്റിയ മാതൃകയാണ് സൈറയെന്ന് മെഹബൂബ പറഞ്ഞിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ സൈറക്കെതിരെ പരിഹാസ വര്‍ഷമായിരുന്നു.

ദംഗലില്‍ ഗീത ഫൊഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സൈന ശ്രദ്ധേയയായത്.

Top