ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു

മുംബൈ: നീണ്ട 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ബോളിവുഡ് താരം അമീര്‍ ഖാനും സംവിധായികയും നിര്‍മാതാവുമായ കിരണ്‍ റാവുവും വിവാഹമോചിതരാകാനൊരുങ്ങുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് തങ്ങള്‍ കടക്കുകയാണെന്നും ഭാര്യ-ഭര്‍തൃ ബന്ധത്തിന് പകരം തങ്ങളുടെ മകന് സഹ-മാതാപിതാക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു. അതേസമയം സിനിമ മേഖലയിലും തങ്ങളുടെ എന്‍ജിഒ ആയ ‘പാനി ഫൗണ്ടേഷനിലും’ മറ്റ് പ്രൊഫഷണല്‍ പ്രോജക്ടുകളിലും സഹപ്രവര്‍ത്തകരായി തന്നെ തുടരുമെന്നും ഇരുവരും വ്യക്തമാക്കി.

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നവെന്നും എന്നാല്‍ ഇപ്പോഴാണ് അതിന് ഉചിതമായ സമയമുണ്ടായതെന്നും ഇരുവരും അറിയിച്ചു. തങ്ങളെ മനസിലാക്കി, ജീവിതത്തിലെ ഈ നിര്‍ണായക തീരുമാനത്തിന് പിന്തുണയും സഹകരണവും നല്‍കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും അനുഗ്രവും നല്‍കണമെന്നും അമീറും കിരണും പ്രതികരിച്ചു.

2001ലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലഗാന്‍’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് അമീര്‍ ഖാനും കിരണ്‍ റാവുവും ആദ്യമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് 2005ല്‍ ഇരുവരും വിവാഹിതരായി. 2011ല്‍ താരദമ്പതികള്‍ക്ക് ആസാദ് എന്ന മകനുണ്ടായി.നടി റീന ദത്തയുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചായിരുന്നു അമീര്‍ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1986ലായിരുന്നു അമീറും റീന ദത്തുമായുള്ള വിവാഹം. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനാദ് ഖാന്‍ എന്നീ രണ്ട് മക്കളാണുള്ളത്. 2002ലായിരുന്നു ഇരുവരും വിവാഹമോചനം നേടിയത്.

ടോം ഹാങ്ക്‌സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായ ‘ലാല്‍ സിങ് ചദ്ദ’യാണ് അമീറിന്റെ ഏറ്റവും പുതിയ ചിത്രം. ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളെ പിന്തുണച്ച കിരണ്‍ റാവു തന്നെയാണ് ഈ ചിത്രത്തവും നിര്‍മിച്ചിരിക്കുന്നത്.

 

Top