കയ്യേറ്റ മാഫിയക്ക് കീഴടങ്ങുകയും ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ ; ആം ആദ്മി

കൊച്ചി: മൂന്നാറില്‍ നിയമപരമായി കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റുക വഴി നിയമത്തോടും നിയമ പാലനത്തോടും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലന്ന് പിണറായി സര്‍ക്കാര്‍ തെളിയിക്കുകയാണെന്ന് ആം ആദ്മി.

മൂന്നാറില്‍ വിവി ജോര്‍ജിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് ഇന്നലെ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ഇത്തരം ഒരു മാറ്റത്തിന് ശ്രമിക്കുന്നതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണെന്നും ആം ആദ്മി കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ അറിയിച്ചു.

കയ്യേറ്റക്കാരനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തിയ സര്‍വ്വ കക്ഷി യോഗം ഈ അജണ്ട കൂടി കൈകാര്യം ചെയ്തിരുന്നു എന്ന് അറിയുന്നുണ്ട്. കയ്യേറ്റക്കാര്‍ക്ക് സമ്പൂര്‍ണ്ണമായും കീഴടങ്ങുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

കയ്യേറ്റ മാഫിയക്ക് കീഴടങ്ങുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വെട്ടി വീഴ്ത്തുകയും ചെയ്യുക വഴി എം എം മണിയെ പോലെയുള്ള അഴിമതി സംരക്ഷകരായി രാഷ്ട്രീയക്കാര്‍ വിജയിക്കുകയാണ് ചെയ്യുന്നത് .

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്‍ കൃത്യമായും പൊതു സമൂഹത്തിനു നല്‍കിയ ഒരു സന്ദേശമുണ്ട്, ആ സന്ദേശം അവഗണിക്കുകയാണ് എം എം മാണിയെ പോലെയുള്ള അഴിമതി രാഷ്ട്രീയ വക്താക്കളുടെ ഉപദേശം സ്വീകരിച്ച് മുഖ്യമന്ത്രി ചെയ്യുന്നത്.

പൊതു സമൂഹം ഇതിനോട് ശക്തമായി പ്രതികരിക്കും.അത്തരം പ്രക്ഷോഭത്തില്‍ പൊതുസമൂഹത്തോടൊപ്പം ആം ആദ്മി പാര്‍ട്ടി ഉണ്ടാകുമെന്നും നീലകണ്ഠന്‍ വ്യക്തമാക്കി.

Top