രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ച്‌ എടുക്കണമെന്ന പ്രമേയം: ആം ആദ്മിയില്‍ ഭിന്നത

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ചൊല്ലി ആം ആദ്മിയില്‍ പ്രതിസന്ധി.

ആവശ്യത്തെ പരസ്യമായി എതിര്‍ത്ത അല്‍കാ ലാംബയോട് നിയമസഭാ അംഗത്വം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കുമന്ന് അല്‍കാ ലാബ വ്യക്തമാക്കി.ഡല്‍ഹി നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഈ ആവശ്യം എഴുതി ചേര്‍ത്ത സോമനാഥ് ഭാരതിയോട് പാര്‍ട്ടി വിശദീകരണം തേടി.

എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പുറകേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയും എഎപിയും ഒരു പോലയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ എഎപി ഒരുങ്ങുന്നതിനിടെയാണ് പ്രമേയം വിവാദമായത്.

എന്നാല്‍ രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന തിരികെ വാങ്ങണം എന്ന ആവശ്യം യഥാര്‍ഥ പ്രമേയത്തില്‍ ഇല്ലെന്ന് എഎപി വിശദീകരിച്ചു. ഭാരതരത്‌ന തിരികെ വാങ്ങണമെന്ന പ്രമേയം പാസായിട്ടില്ലെന്ന് സ്പീക്കറും വിശദീകരിച്ചു. അതേസമയം, കോണ്‍ഗ്രസിനോട് കൈകോര്‍ക്കാന്‍ ഒരുങ്ങുന്ന എഎപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന കളികളെന്നാണ് ബിജെപി പറയുന്നത്.

Top