കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു, പാര്‍ട്ടി ആശയങ്ങള്‍ തുടരും: സി ആര്‍ നീലകണ്ഠന്‍

കൊച്ചി: പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍. പാര്‍ട്ടി ആശയങ്ങള്‍ തുടരുമെന്നും നടപടി എടുക്കാന്‍ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ടെന്നും സിആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു.

കേരളത്തിന്റെ സാഹചര്യത്തില്‍ ഒരു മുന്നണിക്ക് മാത്രം പിന്തുണ നല്‍കാനാകുമായിരുന്നില്ല. നിരുപാധിക പിന്തുണ ഇടത് മുന്നണിക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും സിആര്‍ നീലകണ്ഠന്‍ വിശദീകരിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കുന്നു. പാര്‍ട്ടിയില്‍ തുടരുമോ എന്ന ചോദ്യത്തിന് നടപടിയുമായി ഇക്കാര്യത്തിന് ബന്ധമില്ലെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

സംസ്ഥാനത്തെ 13 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് സി ആര്‍ നീലകണ്ഠന്‍ പ്രഖ്യാപിച്ചിരുന്നു. അത് തള്ളിക്കൊണ്ട് ഇടത് മുന്നണിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം നിലപാടെടുക്കുകയായിരുന്നു.

Top