ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ, കൊവിഡ് നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്

അമൃത്സര്‍: ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കാനിരിക്കേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്. ന്യൂഡല്‍ഹിക്ക് പുറത്ത് ആംആദ്മി അധികാരത്തില്‍ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. രക്തസാക്ഷി ഭഗത് സിങിന്റെ ജന്മഗ്രാമത്തില്‍ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബിലെ ഖത്കര്‍ കലാന്‍ ഗ്രാമത്തില്‍ നടക്കുന്നത്. പരിപാടിക്ക് വന്‍ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലില്‍ വേദിയും സദസും പാര്‍ക്കിംഗ് സൗകര്യങ്ങളുമെല്ലാം അതിവേഗം ഒരുക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി 150 ഏക്കര്‍ ഗോതമ്പ് പാടം താത്കാലികമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഏക്കര്‍ ഒന്നിന് 45000 രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഇത്രയും ഭൂമി താത്കാലികമായി ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ഏക്കറിലെ ഗോതമ്പ് കൃഷി ഇതിനോടകം നശിപ്പിച്ചെന്നും ഷഹീദ് ഇ അസം ഭഗത് സിംഗ് രക്തസാക്ഷി സ്മാരകത്തിന്റേയും മ്യൂസിയത്തിന്റേയും അതിര്‍ത്തി ഭിത്തിയുടെ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയെന്നുമാണ് വിവരം.

രണ്ട് ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ഖത്കര്‍ കാല്‍ ഗ്രാമത്തില്‍ ഇപ്പോള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിജയമാക്കാന്‍ ഗ്രാമത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ആയിരങ്ങളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ കൂറ്റന്‍ പന്തലും പാര്‍ക്കിംഗ് സ്ഥലവും നിര്‍മ്മിക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വികെ ഭാവ്‌ര, മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതനായ എ വേണു പ്രസാദ് എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ക്കിംഗ്, പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണം, വെള്ളം, സ്‌റ്റേജ്, വൈദ്യുതി വിതരണം, ശുചീകരണം, ആരോഗ്യം, ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ എല്ലാ സജ്ജമാക്കി സത്യപ്രതിജ്ഞ വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഉദ്യേഗസ്ഥര്‍.

Top