യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. എ.എ.പി രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിനു ശേഷമാണ് സഞ്ജയ് സിങ് സിൻഹയ്ക്ക് പിന്തുണ നൽകാനുള്ള പാർട്ടി തീരുമാനം അറിയിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ ഒന്നിലേറെ സംസ്ഥാനങ്ങൾ ഭരിക്കുന്ന ഏക കക്ഷിയാണ് എ.എ.പി. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ പിന്തുണയ്ക്ക് അതിനാൽ കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രണ്ട് സംസ്ഥാനങ്ങളിൽനിന്നുമായി 10 രാജ്യസഭാ അംഗങ്ങള്‍ പാർട്ടിക്കുണ്ട്. പഞ്ചാബിലും ഡൽഹിയിലും ഗോവയിലുമായി ആകെ 156 എം.എൽ.എമാരുമുണ്ട്. പഞ്ചാബിൽ 92ഉം ഡൽഹിയിൽ 62ഉം ഗോവയിൽ രണ്ടും നിയമസഭാ സാമാജികരാണ് എ.എ.പിക്കുള്ളത്.

Top