Aam Aadmi Party announces 19 candidates for Punjab election

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ ഇറക്കി പ്രചരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍.

ബി.ജെ.പി വിട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. പാര്‍ട്ടി എം.പി ഭഗവന്ദ് മാനിനെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എ.എ.പി ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അകാലിദളിനെയും ഞെട്ടിച്ചിരിക്കുകയാണ്.

117 സീറ്റുകളുള്ള പഞ്ചാബില്‍ ഇത്തവണ അധികാരം പിടിക്കാനാകുമെന്നാണ് എ.എ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 30.4 ശതമാനം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടി 4 സീറ്റുകള്‍ നേടിയിരുന്നു.

ആം ആദ്മിയുടെ നീക്കം തിരിച്ചടിയാകുന്നത് ബി.ജെ.പി-അകാലിദള്‍ സഖ്യത്തിനും കോണ്‍ഗ്രസിനുമാണ്. പഞ്ചാബില്‍ ഭരണത്തില്‍ മടങ്ങിയെത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് കെജ്‌രിവാള്‍ തല്ലിക്കെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്.

കോണ്‍ഗ്രസിനെതിരെ സിക്ക് കൂട്ടക്കൊലയടക്കം ആയുധമാക്കുന്ന പ്രചരണമാണ് ബി.ജെ.പിയും അകാലിദളും നടത്തുന്നത്. ഇവര്‍ക്കിടയില്‍ കറുത്ത കുതിരയാകാനുള്ള മുന്നൊരുക്കങ്ങളാണ് ആം ആദ്മിയുടേത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും ആം ആദ്മിക്ക് നാല് എം.പി മാരെ ലഭിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. കെജ്‌രിവാളിന്റെ ഡല്‍ഹിയേക്കാള്‍ തിളക്കമാര്‍ന്ന വിജയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മിക്കുണ്ടായത്.

അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലാണ് ആം ആദ്മി പാര്‍ട്ടി കാര്യമായ ശ്രദ്ധ ചെലുത്തുന്നത്.

Top