ഇടതു സര്‍ക്കാര്‍ മദ്യരാജാക്കന്‍മാരുടെ ദാസ്യവേല ചെയ്യുന്നവരായി അധ:പതിച്ചുവെന്ന് ആം ആദ്മി

കൊച്ചി : മദ്യവര്‍ജനം പ്രഖ്യാപിത പരിപാടിയായി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ മദ്യരാജാക്കന്‍മാരുടെ ദാസ്യവേല ചെയ്യുന്നവരായി അധ:പതിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി.

സര്‍ക്കാറിന്റെ എല്ലാ നടപടികളും കേരളത്തിന്റെ കുടുംബ സ്വാസ്ഥ്യത്തെ തകര്‍ക്കുന്ന മദ്യത്തിന്റെ യഥേഷ്ട ലഭ്യതയ്ക്കും തലമുറകളിലേക്കുള്ള അപകടകരമായ വ്യാപനത്തിനും വഴിവയ്ക്കുന്നതാണെന്ന് കണ്‍വീനര്‍ സി.ആര്‍നീലകണ്ഠന്‍ പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ദേശീയ പാതകള്‍ പോലും ഡിഗ്രേഡ് ചെയ്യാന്‍ മടി കാണിക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നും വിദ്യലയങ്ങളില്‍ നിന്നുമുള്ള ഭൂരപരിധി വെട്ടിക്കുറച്ചത് മദ്യരാജാക്കന്‍മാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്.

മദ്യശാലകള്‍ക്കെതിരെ ഉയര്‍ന്നു വന്ന ജനകീയ പ്രതിഷേധങ്ങള്‍ അവഗണിക്കുകയും മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം അട്ടിമറിക്കുകയും ചെയ്ത ഗവണ്‍മെന്റ് മദ്യ മുതലാളിമാര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

മദ്യ വിറ്റുവരവില്‍ നിന്നുള്ള നികുതി കൊണ്ട് ചിലവു നടത്താമെന്ന് കരുതുന്ന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്.

ജനങ്ങളോടാണ് പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ കുടുംബാന്തരീക്ഷം തകര്‍ക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകാത്ത പക്ഷം ഉചിതമായ സമരമാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top