ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയികളെ പ്രവചിച്ച് ആകാശ് ചോപ്ര

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് തീപാറും എന്ന കാര്യത്തില്‍ സംശയമില്ല. ഇരു ടീമുകളും തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കേ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ടീം ഇന്ത്യക്ക് ആശങ്കകള്‍ നല്‍കുന്നതാണ് ചോപ്രയുടെ പ്രവചനം. ഇന്ത്യയെ എഴുതിത്തള്ളാനാവില്ല. എന്നാല്‍ 55-45 എന്ന നിലയ്ക്ക് മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്. ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം റാങ്കുകാരനാണെങ്കിലും അവര്‍ നാട്ടില്‍ ടീം ഇന്ത്യക്കെതിരെ നന്നായി കളിച്ചിരുന്നു.

സതാംപ്ടണിലെ സാഹചര്യത്തില്‍ ഇന്ത്യയേക്കാള്‍ നന്നായി കിവികള്‍ക്ക് കളിക്കാന്‍ കഴിയും. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തണം എന്നാണ് ഇന്ത്യക്കാരുടെ ഹൃദയം എപ്പോഴും പറയുകയെങ്കിലും അവരെ മറികടക്കാന്‍ കഴിയില്ല. ഇപ്പോഴും ന്യൂസിലന്‍ഡിനെ തോല്‍പിക്കാനാവില്ല എന്നത് വസ്തുതയാണ്. ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ടീം ഏതാണ്ട് അതേപടിയുണ്ടായിരുന്നിട്ടും ന്യൂസിലന്‍ഡില്‍ അവരോട് പരാജയപ്പെട്ടു.

സതാംപ്ടണിലും ഇത്തരം പ്രശ്നങ്ങളുണ്ടാവും എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ അവസാനം നേരിട്ടപ്പോള്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയയില്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന്റെ ജയം സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കുന്നത്. 4000 കാണികള്‍ക്ക് മുന്നിലാണ് ഇരു ടീമും ഏറ്റുമുട്ടുക.ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ഇതിനായി യുകെയിലേക്ക് തിരിക്കും.

നിലവില്‍ മുംബൈയില്‍ ക്വാറന്റീനിലാണ് ടീം. കോലിപ്പടയ്ക്കെതിരെ ഫൈനലിന് ഇറങ്ങും മുന്‍പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍കെയ്ന്‍ വില്യംസണും സംഘവും കളിക്കുന്നുണ്ട്.

 

Top