ആംനസ്റ്റി ഇന്ത്യ തലവന്‍ ആകര്‍ പട്ടേലിനെതിരായ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് കോടതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ആംനസ്റ്റി ഇന്ത്യ മേധാവി ആകര്‍ പട്ടേലിനെതിരായി സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാന്‍ കോടതി ഉത്തരവ്. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ തന്റെ കീഴുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിച്ചുകൊണ്ട് സി.ബി.ഐ ഡയറക്ടര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി.

വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്റെ പേരില്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകര്‍ പട്ടേല്‍ കോടതിയെ സമീപിച്ചിരുന്നു. ജോലി ആവശ്യാര്‍ഥവും വിവിധ സര്‍വകലാശാലകളുടെ പരിപാടികളില്‍ പങ്കെടുക്കാനുമായി അമേരിക്കയില്‍ പോകാനുള്ള അനുമതിയും ഹര്‍ജിക്കാരന്‍ തേടിയിരുന്നു.

ആകര്‍ പട്ടേലിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സി.ബി.ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതേസമയം പൗരന്‍മാരുടെ അവകാശങ്ങള്‍ സി.ബി.ഐ നിഷേധിക്കുകയാണെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ ആകര്‍ പട്ടേലിനെ കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

Top