വിമാനത്താവളങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ബ്രാൻഡ് നാമം; കരാർ ലംഘനമെന്ന് എഎഐ

ദില്ലി: അദാനി എന്റർപ്രൈസസിന്റെ ബ്രാൻഡ് നാമം വിമാനത്താവളങ്ങളിൽ പ്രദർശിപ്പിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). രണ്ട് മാസം മുൻപ് അദാനി എന്റർപ്രൈസസ് ഏറ്റെടുത്ത മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിൽ ബ്രാൻഡ് നാമം ഉപയോ​ഗിക്കുന്നത് കരാറിന്റെ ലംഘനമാണെന്നാണ് എഎഐ ആരോപിക്കുന്നത്. കമ്പനിയെയോ അതിന്റെ ഓഹരിയുടമകളെയോ തിരിച്ചറിയുന്ന രീതിയിൽ വിമാനത്താവളങ്ങളെ മുദ്രകുത്തരുതെന്നായിരുന്നു കരാർ. ഇരു കൂട്ടരും ഒപ്പുവെച്ച അവകാശ ഉടമ്പടിയിൽ ലംഘനമുണ്ടായതായി കാണിച്ച് മം​​ഗളുരു ചീഫ് എയർപോർട്ട് ഓഫീസർക്ക് എഎഐയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. കരാർ ലംഘിച്ച്, എല്ലാ ഡിസ്പ്ലേ ബോർഡുകളിലും അദാനി എയർപോർട്ട്സ് എന്ന പേര് പ്രതിഫലിപ്പിക്കുന്നതായാണ് എഎഐ ചൂണ്ടിക്കാണിക്കുന്നത്. ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുമായും ബന്ധപ്പെട്ട് ഈ കാര്യം അറിയിച്ചിട്ടുള്ളതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും കരാറിന്റെ നിബന്ധനകൾ കമ്പനി പാലിച്ചിട്ടുണ്ടെന്നും അദാനി ​ഗ്രൂപ്പ് വക്താവ് പറഞ്ഞു. “ഞങ്ങൾ ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് ഓർഗനൈസേഷനാണ്, ഞങ്ങളുടെ പങ്കാളികളുമായി സിവിൽ വ്യോമയാന നിബന്ധനകൾ പാലിക്കുന്നതിൽ ഞങ്ങൾ അതീവ ജാഗ്രത പാലിക്കുന്നു. ഓൺ-സൈറ്റ് ബ്രാൻഡിംഗിനെക്കുറിച്ച് എഎഐ ചില വ്യക്തത തേടി, ഇതിന് കരാറിന്റെ നിബന്ധനകൾക്ക് അനുസൃതമായി പ്രതികരിക്കുന്നു. കരാറിന്റെ പ്രാഥമിക ആവശ്യകതയായ ഞങ്ങളുടെ ബ്രാൻഡിംഗിൽ മൂന്ന് വിമാനത്താവളങ്ങളുടെയും നിയമപരമായ പേരുകൾ പ്രധാനമായും നിലനിർത്തിയിട്ടുണ്ട്. മൂന്ന് വിമാനത്താവളങ്ങളുടെയും പേരുകൾ മാറ്റാൻ ഞങ്ങൾ ഒരു ശ്രമവും നടത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.

Top