മണിയന്‍പിള്ള കൊലപാതകം; ആട് ആന്റണിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മണിയന്‍പിള്ളയെ 2012 ജൂണ്‍ 12നാണ് ആട് ആന്റണി കുത്തി കൊലപ്പെടുത്തിയത്.

കവര്‍ച്ച നടത്താന്‍ ആയുധങ്ങളുമായി വാഹനത്തിലെത്തിയ ആന്റണിയെ രാത്രികാല നിരീക്ഷണം നടത്തുകയായിരുന്ന ജോയിയും മണിയന്‍ പിള്ളയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് ജീപ്പില്‍ കയറ്റുമ്പോഴായിരുന്നു ആക്രമണം. ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് മണിയന്‍ പിള്ളയുടെ നെഞ്ചത്തും പിന്നിലും ആന്റണി കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജോയിയെ വയറ്റത്ത് മൂന്നുതവണ കുത്തിയശേഷം ജീപ്പില്‍നിന്ന് ചാടിയ ആന്റണി തന്റെ വാഹനത്തില്‍ രക്ഷപ്പെട്ടു. മാരകമായി പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

സംഭവത്തിനുശേഷം കേരളം വിട്ട ആന്റണി മൂന്നേകാല്‍ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവിലായിരുന്നു. കോയമ്പത്തൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവെ 2015 ഒക്ടോബര്‍ 13ന് പാലക്കാട് പോലീസാണ് ആന്റണിയെ പിടികൂടി അന്വേഷണ സംഘത്തിന് കൈമാറിയത്.

Top