aadhar for midday meal v muraleedharan

v muralidharan

തിരുവനന്തപുരം: സ്‌കൂള്‍ ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍ക്കുന്നത് കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും സഹായിക്കാനാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.

പദ്ധതികളുടെ നേട്ടങ്ങള്‍ അര്‍ഹരില്‍ എത്തിക്കാനുള്ള പ്രധാന ഉപകരണങ്ങളില്‍ ഒന്നാണ് ആധാര്‍. ആധാറിലൂടെ കൈവരിക്കുന്ന സുതാര്യതയെ കൊള്ളലാഭം കൊയ്യുന്ന ഇടനിലക്കാരാണ് ഭയക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ഷം തോറും ഗണ്യമായ കുറവുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കൃത്രിമ കണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് അര്‍ഹതയില്‍ കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ നിന്നും നേടിയെടുക്കുന്നത്. ഇങ്ങനെ നേടിയെടുക്കുന്ന അധിക ധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ് കോടികളുടെ ലാഭം കൊയ്യുന്ന ഒരു മാഫിയതന്നെ നിലവിലുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു.

അതിനാല്‍ കരിഞ്ചന്ത മാഫിയയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും ജനങ്ങളുടെ നന്‍മ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

Top