ഓഫ്‌ലൈന്‍ ആധാര്‍ കാര്‍ഡ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്യൂആര്‍ കോഡുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓഫ്‌ലൈന്‍ ആധാര്‍ അനുവദിക്കാന്‍ ആലോചന. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങല്‍, പേയ്‌മെന്റ് വോലറ്റുകളുടെ നിയന്ത്രണം, ഇന്‍ഷ്വറന്‍സ് കവറുകള്‍ സ്വന്തമാക്കല്‍ തുടങ്ങിയവക്കു ബയോമെട്രിക് ഇകെവൈസിക്കു പകരം ഓഫ്‌ലൈന്‍ ആധാര്‍ ഉപയോഗിക്കുന്നതു അനുവദിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

ആധാര്‍ നിര്‍ബന്ധമാക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുള്ള സാമ്പത്തിക, ടെക്‌നോളജി കമ്പനികള്‍ക്കു കൂടി ഗുണപ്രദമാകുമെന്നതിനാല്‍ ഈ നീക്കം നിര്‍ണായകമാണ്. ആധാര്‍ അധിഷ്ഠിതമായ പ്രമാണീകരണ പ്രക്രിയ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ക്കു ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന കോടതി ഉത്തരവാണ് യുഐഡിഎഐയുടെ സെര്‍വറുകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഓഫ്‌ലൈന്‍ ആധാറിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയത്. ക്യൂആര്‍ കോഡുള്ള പ്രിന്റ് ഔട്ട് യുഐഡിഎഐയുടെ ഡിജിറ്റല്‍ ഒപ്പുള്ളതാണ്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളെക്കാള്‍ കൂടുതല്‍ വിശ്വസനീയവുമാണ് ഈ സംവിധാനം.

ഓഫ് ലൈന്‍ നടപ്പിലാക്കേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആയതിനാല്‍ ഇതു സംബന്ധിച്ച ഒരു അറിയിപ്പ് ബാങ്ക് പുറത്തിറക്കേണ്ടതുണ്ട്. യുഐഡിഎഐയുമായി രണ്ടിലേറെ തവണ ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി കഴിഞ്ഞു. സുപ്രീംകോടതിയുടെ വിധിയുമായി നിയമങ്ങള്‍ ഒത്തുപോകുന്നുണ്ടെന്നു ഉറപ്പുവരുത്തുന്ന തരത്തില്‍ കെവൈസിയുടെ അടിസ്ഥാന ഉത്തരവു തന്നെ ഭേദഗതി ചെയ്യാമെന്നാണ് ആധാര്‍ ഏജന്‍സി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം.

സാമൂഹികക്ഷേമ പദ്ധതികള്‍ പോലെയുള്ള നേരിട്ടു ഗുണം ലഭിക്കുന്ന ഇടപാട് അല്ലെങ്കില്‍ പാന്‍ നമ്പര്‍ എന്നിവ കൂടാതെയുള്ള പണമിടപാടുകള്‍ക്കു ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

നിലവിലുള്ള സമ്പ്രദായത്തില്‍ പൊളിച്ചെഴുത്തു വേണ്ടിവരുമെന്നതിനാല്‍ തന്നെ പല ബാങ്കുകളും സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കിയുള്ള റിസര്‍വ് ബാങ്കിന്റെ മുന്‍ ഉത്തരവനുസരിച്ചാണ് ബാങ്കുകളുടെ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുള്ളത്.

ക്യൂആര്‍ കോഡ് ഡിജിറ്റല്‍ ഒപ്പോടു കൂടിയുള്ളതിനാല്‍ ഇതുപയോഗിച്ചുള്ള പ്രമാണീകരണം പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും കൂടുതല്‍ എളുപ്പമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Top