ഓഹരി വിപണി ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു

adhar-card

മുംബൈ: ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍ എന്നിവ വാങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍.

സാമ്പത്തിക വിപണിയിലെ ഇടപാടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യും ചര്‍ച്ചകള്‍ നടത്തുകയാണ്. ഓഹരി വിപണി വഴി കള്ളപ്പണം ഒഴുകുന്നത് തടയാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഓഹരി വിപണിയിലൂടെയുള്ള നികുതി ചോര്‍ച്ചകളെ തടയാന്‍ പാന്‍ കാര്‍ഡ് പര്യാപ്തമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം. സാമ്പത്തിക ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് സെബി ഉദ്യോഗസ്ഥര്‍ വിപണി ഇടനിലക്കാരുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം ഇത് എപ്പോള്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

ഓണ്‍ലൈനിലെ മ്യൂച്വല്‍ ഫണ്ട് ഇടപാടുകളില്‍ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വ്യവസ്ഥകളുടെ ഭാഗമായി ആധാര്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഓണ്‍ലൈന്‍ കെവൈസി അഥവാ ഇകെവൈസി ആധാറുമായി ബന്ധിപ്പിച്ചാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് തങ്ങളുടെ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനോ ഒപ്പ് വ്യാജമല്ലെന്നു തെളിയിക്കുന്നതിനോ ഫണ്ട് ഹൗസുകളില്‍ നേരിട്ട് പോകേണ്ട ആവശ്യം വരില്ല.

ഇകെവൈസിയെ തങ്ങളുടെ വ്യവസായത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് ചില സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഇതിനകം ആവശ്യമുന്നയിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് വഴി സാധിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണിയില്‍ നിയമവിരുദ്ധ പണ ഇടപാടുകള്‍ക്കായി ഒന്നിലധികം പാനുകളും ഡിമാറ്റ് എക്കൗണ്ടുകളും ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ എത്ര ഇടപാടുകാര്‍ തുടരുമെന്ന ആശങ്കയും ഓഹരി വിപണിയില്‍ ഉയരുന്നുണ്ട്.

Top